മോസ്കോ: ജയിലിൽ കഴിയുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മുഖ്യവിമർശകൻ അലക്സി നവാൽനിക്ക് ജയിലിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. രോഗബാധിതനായപ്പോൾ ജയിലിൽ നിന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയാറായില്ല എന്നാണ് അലക്സി നവാൽനി പറയുന്നത്.
കടുത്ത പനിബാധിച്ചിട്ടും ചികിത്സ നൽകാതെ തടവറയിൽ തന്നെ പാർപ്പിക്കുകയായിരുന്നുവത്രെ. രോഗബാധിതനായതിനാൽ ബുധനാഴ്ചത്തെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും നവാൽനി അഭ്യർഥിച്ചിരുന്നു. നിരന്തരം അപേക്ഷിച്ചിട്ടു പോലും എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജയിൽ അധികൃതർ തയാറായില്ല. അടിസ്ഥാന മരുന്നുകൾ പോലും നൽകിയില്ല. തന്റെ സെല്ലിലെ പകർച്ചപ്പനിബാധിച്ചയാളുടെ ചിത്രം ഒരാഴ്ച മുമ്പ് നവാൽനി പങ്കുവെച്ചിരുന്നു.
അധികൃതർ പനിബാധിതനെ തനിക്കെതിരായ ജൈവായുധമായി ഉപയോഗിക്കുകയാണെന്നായിരുന്നു നവാൽനിയുടെ ആരോപണം. സമീപത്തെ സെല്ലിൽ മാനസിക പ്രശ്നം നേരിടുന്നയാളാണുള്ളത്. അതുകാരണം രാത്രി ഉറങ്ങാൻ പ്രയാസമാണെന്നും നവാൽനി ചൂണ്ടിക്കാട്ടിയിരുന്നു. നവാൽനിയെ ജയിലധികൃതർ പീഡിപ്പിക്കുകയാണെന്ന് ഭാര്യ യൂലിയ നവാൽന്യ ആരോപിച്ചിരുന്നു. റഷ്യയുടെ രാസായുധ ആക്രമണം അതിജീവിച്ച നവാൽനി മാസങ്ങളായി ജയിലിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.