യുക്രെയ്ൻ പ്രവിശ്യകളിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പുടിൻ

മോസ്കോ: സെപ്റ്റംബറിൽ റഷ്യയുടെ ഭാഗമായി പ്രഖ്യാപിച്ച നാല് യുക്രെയ്ൻ മേഖലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. കടുത്ത തിരിച്ചടികൾ യുക്രെയ്നിലെ റഷ്യൻ നീക്കങ്ങൾ ദുർബലമാക്കുന്ന സാഹചര്യത്തിലാണ് നടപടി. പട്ടാള നിയമം പ്രഖ്യാപിച്ചതിനൊപ്പം അതിർത്തി പങ്കിടുന്ന എട്ട് മേഖലകളിൽ സഞ്ചാരവും വിലക്കിയിട്ടുണ്ട്.

കൂട്ടിച്ചേർത്ത പ്രവിശ്യകളിലൊന്നായ ഖേഴ്സണിൽനിന്ന് കഴിഞ്ഞ ദിവസം റഷ്യൻ സേനയുടെയും ഉദ്യോഗസ്ഥരുടെയും പിന്മാറ്റം തുടരുകയാണ്. സിവിലിയന്മാരും നാടുവിടണമെന്ന് പ്രദേശത്തെ റഷ്യൻ ഭരണകൂടം നിർദേശം നൽകി. നഗരം തിരിച്ചുപിടിക്കാൻ പൂർണാർഥത്തിലുള്ള സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായാണ് സിവിലിയന്മാരെ ഒഴിപ്പിക്കുന്നത്. എന്നാൽ, സിവിലിയന്മാരെ ഭീഷണിയുടെ മുനയിൽ നിർത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് നടപടിയെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തുന്നു. ഖേഴ്സണിൽ സ്ഥിതി ഏറെ പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം റഷ്യൻ സൈനിക കമാൻഡർ ജനറൽ സെർജി സുറോവ്കിൻ സമ്മതിച്ചിരുന്നു.

ഇവിടെ യുക്രെയ്ൻ സേന ശക്തമായ മുന്നേറ്റം നടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 20-30 കി.മീ. ദൂരം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ നിയന്ത്രണത്തിലായ പട്ടണങ്ങളിൽ ഏറ്റവും ജനസാന്ദ്രതയുള്ളതാണ് ഖേഴ്സൺ. മൂന്നുലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന പട്ടണത്തിലെ ഏറെപ്പേരും നിലവിൽ നാടുവിട്ടിട്ടുണ്ട്. അധിനിവേശം എട്ടുമാസം പിന്നിടുന്നതിനിടെ ദക്ഷിണ, കിഴക്കൻ മേഖലകളിലൊക്കെയും യുക്രെയ്ൻ സേന വൻമുന്നേറ്റം തുടരുകയാണ്. ഖേഴ്സണു പുറമെ, സപോറിഷ്യ, ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളാണ് റഷ്യ കൂട്ടിച്ചേർത്തത്. നാലിടത്തും റഷ്യൻ നിയന്ത്രണം പൂർണമായിട്ടില്ല.

അതേസമയം, യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കിയവ് ലക്ഷ്യമിട്ട റഷ്യൻ മിസൈലുകൾ തകർത്തതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. നഗരത്തെ ഇരുട്ടിലാക്കി വൈദ്യുതി വിതരണ സംവിധാനങ്ങളുൾപ്പെടെ ആക്രമണങ്ങളിൽ ഭാഗികമായി തകർന്നിട്ടുണ്ട്. നിരവധി സിവിലിയന്മാർ കൊല്ലപ്പെടുകയും ചെയ്തു. കിയവിലെത്തിയ ഗ്രീക്ക് വിദേശകാര്യ മന്ത്രി നികൊസ് ഡെൻഡിയാസ് മിസൈലുകളിൽനിന്ന് രക്ഷതേടി അഭയകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ പറയുന്നു.

കിയവിനു പുറമെ എനറോഡാർ പട്ടണത്തിലും വൈദ്യുതി മുടങ്ങി. സപോറിഷ്യ ആണവ നിലയത്തിനു സമീപമുള്ള പട്ടണമാണിത്. റഷ്യൻ ആക്രമണം നേരിടാൻ യുക്രെയ്ന് സൈനിക സഹായം തുടരുമെന്ന് യൂറോപ്യൻ നേതാക്കൾ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Putin declared martial law in Ukraine provinces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.