കിയവ്: ഒരു വർഷം മുമ്പ് റഷ്യ അനധികൃതമായി നാല് യുക്രെയ്ൻ പ്രദേശങ്ങൾ പിടിച്ചെടുത്തതിെന്റ വാർഷികം ആഘോഷിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പിതൃഭൂമിയോട് ചേരാനുള്ള ആഗ്രഹം അവിടത്തെ ജനങ്ങൾ സ്വമേധയാ എടുത്തതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് കൂട്ടിച്ചേർക്കൽ നടത്തിയതെന്നും ശനിയാഴ്ച രാവിലെ നൽകിയ സന്ദേശത്തിൽ പുടിൻ പറഞ്ഞു. സെപ്റ്റംബർ ആദ്യം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഡൊണെസ്ക്, ലുഹാൻസ്ക്, സപ്പോരിഷിയ, ഖേഴ്സൺ എന്നീ മേഖലകളിലെ ജനങ്ങൾ റഷ്യയുടെ ഭാഗമാകാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഭരണകക്ഷി ഭൂരിഭാഗം വോട്ടുകളും നേടിയതായാണ് റഷ്യയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. അതേസമയം, കഴിഞ്ഞ വർഷം നടത്തിയ റഫറൻഡവും ഇപ്പോൾ നടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പും തട്ടിപ്പാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്.
നാല് പ്രദേശങ്ങളും കൂട്ടിച്ചേർത്തതിെന്റ വാർഷികം ആഘോഷിക്കുന്നതിന് വെള്ളിയാഴ്ച പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചു. ഇതിൽ പുടിൻ പങ്കെടുത്തിരുന്നില്ല. അതേസമയം, വെള്ളിയാഴ്ച രാത്രി ഒഡേസ, മൈകോളൈവ്, വിന്നിറ്റ്സിയ എന്നീ നഗരങ്ങൾ ലക്ഷ്യമിട്ട് വന്ന 40 ഇറാൻ നിർമിത കാമികേസ് ഡ്രോണുകളിൽ 30 എണ്ണവും യുക്രെയ്ൻ എയർ ഡിഫൻസ് തകർത്തതായി വ്യോമസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.