സെലൻസ്കിയെ വധിക്കില്ലെന്ന് പുടിൻ ഉറപ്പുനൽകി -അവകാശവാദവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി

​തെൽഅവീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ വധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തനിക്ക് ഉറപ്പുനൽകിയിരുന്നതായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ മാധ്യസ്ഥ ശ്രമങ്ങളുമായി മുന്നിലുണ്ടായിരുന്നു ബെനറ്റ്. ഇതുമായി ബന്ധപ്പെട്ട് മോസ്കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ബെനറ്റ്. അതേ സമയം,യുദ്ധം അവസാനിപ്പിക്കുന്നതിൽ ബെനറ്റിന്റെ ശ്രമങ്ങൾ ഒരു ചലനവുമുണ്ടാക്കിയില്ല.

പുടിനുമായുള്ള കൂടിക്കാഴ്ചക്കിടെ എന്താണ് സെലൻസ്കിയോടുള്ള സമീപനമെന്ന് താൻ ആരാഞ്ഞതായി ബെനറ്റ് പറഞ്ഞു. അദ്ദേഹത്തെ കൊല്ലാനാണോ ​പദ്ധതിയെന്നു ചോദിച്ചപ്പോൾ സെലൻസ്കിയെ കൊല്ലാൻ പദ്ധതിയില്ലെന്നായിരുന്നു പുടിന്റെ മറുപടിയെന്നും ബെനറ്റ് അവകാശപ്പെട്ടു. തുടർന്ന് ഒരു ഫോൺകോളിൽ ഇക്കാര്യം സെലൻസ്കിയെ അറിയിക്കുകയായിരുന്നു. ''ഞാൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താങ്കളെ വധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്''ഫോൺ സംഭാഷണത്തിനിടെ സെലൻസ്കിയോട് ബെനറ്റ് വിശദീകരിച്ചു. നിങ്ങൾക്ക് നൂറു ശതമാനം ഉറപ്പു​ണ്ടോ പുടിൻ എന്നെ വധിക്കില്ലെന്ന് എന്നായിരുന്നു സെലൻസ്കിയുടെ ചോദ്യം.

ചർച്ചക്കിടെ നാറ്റോയിൽ ചേരാനുള്ള തീരുമാനം സെലൻസ്കി ഉപേക്ഷിച്ചാൽ യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് പിൻമാറാമെന്നും പുടിൻ ഉറപ്പുപറഞ്ഞതായും ബെനറ്റ് വെളിപ്പെടുത്തി. അതേസമയം, ബെനറ്റിന്റെ വെളിപ്പെടുത്തലിനോട് റഷ്യ പ്രതികരിച്ചിട്ടില്ല. എന്നാൽ പുടിൻ പഠിച്ച കള്ളനാണെന്നും ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുടെ പ്രതികരണം. യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തുന്ന രാജ്യമാണ് ഇസ്രായേൽ.

Tags:    
News Summary - Putin pledged not to kill Zelenskyy, claims ex-Israeli PM Naftali Bennett

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.