മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാർഥ രാജ്യസ്നേഹിയെന്ന് വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ഇന്ത്യയുടെ വിദേശനയത്തേയും പുടിൻ പുകഴ്ത്തി. വാൾഡായ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പുടിന്റെ പരാമർശം.
സ്വതന്ത്ര്യമായ വിദേശനയം സ്വീകരിച്ച ലോകനേതാക്കളിൽ ഒരാളാണ് മോദി. സ്വന്തം ജനതയുടേയും രാജ്യത്തിന്റേയും താൽപര്യങ്ങളാണ് വിദേശനയം സ്വീകരിക്കുന്നതിൽ അദ്ദേഹത്തിന് പ്രചോദനമായത്. ലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിന് ഒന്നും അദ്ദേഹത്തിന് മുന്നിൽ തടസമായില്ലെന്നും പുടിൻ പറഞ്ഞു.
ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് നല്ല ഭാവിയുണ്ടെന്ന് മാത്രമല്ല ലോകരാഷ്ട്രീയത്തിൽ വരുംനാളുകളിൽ അവർക്ക് നിർണായക സ്ഥാനവുമുണ്ടാകുമെന്നും പുടിൻ പറഞ്ഞു. ഇന്ത്യയുമായി റഷ്യക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇരു രാജ്യങ്ങളും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ കാർഷിക മേഖലക്ക് നിർണായകമായ രാസവള ഇറക്കുമതി വർധിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഉടൻ തന്നെ രാസവള ഇറക്കുമതി 7.6 ഇരട്ടിയാക്കി റഷ്യ വർധിപ്പിച്ചു. ബ്രിട്ടീഷ് കോളനിയിൽ നിന്നും ആധുനിക രാജ്യമായി മഹത്തായ വളർച്ചയാണ് ഇന്ത്യ നടത്തിയത്. ലോകത്തെ എല്ലാവരുടേയും ബഹുമാനം ഇന്ത്യ നേടുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.