നിർണായക പ്രഖ്യാപനവുമായി പുടിൻ; 'യുക്രെയ്ൻ യുദ്ധം ഒത്തുതീർപ്പാക്കാൻ ട്രംപുമായി ചർച്ചക്ക് തയാർ'

മോസ്കോ: യുക്രെയ്നിൽ സമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ. യുക്രെയ്ൻ യുദ്ധം ഒത്തുതീർപ്പാക്കാൻ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ചക്ക് തയാറെന്നാണ് പുടിൻ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രെയ്നുമായുള്ള സംഭാഷണങ്ങൾ തുടരുന്നതിലും യാതൊരു തടസ്സവുമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യൻ സ്റ്റേറ്റ് ടി.വിയിലെ ചോദ്യോത്തര പരിപാടിയിലാണ് പുടിന്‍റെ വാക്കുകൾ.

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്‍ അവകാശപ്പെട്ടു. ട്രംപുമായി സംസാരിച്ചിട്ട് നാല് വര്‍ഷത്തോളമായെന്ന് പറഞ്ഞ പുടിന്‍, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണ്. റഷ്യൻ സൈന്യം ദുർബലമായതാണോ ഈ നിലപാട് മാറ്റത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. 2022ൽ യുക്രെയ്ൻ ആക്രമണം തുടങ്ങിയ സമയത്തേക്കാൾ ശക്തമാണ് സൈന്യമെന്ന് പുടിൻ പറഞ്ഞു.

യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി ഉൾപ്പെടെ ആരുമായും ഉപാധികളില്ലാത്ത ചർച്ചകൾക്ക് റഷ്യ തയാറാണ്. എന്നാൽ, ചർച്ചയിലെ ഏതൊരു ധാരണയും യുക്രെയ്ന്‍റെ നിലവിലെ നിയമപരമായ അധികൃതരായ പാർലമെന്‍റുമായി മാത്രമേ ഒപ്പിടൂ -പുടിൻ പറഞ്ഞു. പ്രസിഡന്‍റ് പദവിയിൽ കാലാവധി കഴിഞ്ഞ സെലൻസ്കിയെ ഭരണാധികാരിയായി പരിഗണിക്കാൻ വീണ്ടും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരണമെന്ന് പുടിൻ പറഞ്ഞു.

നേരത്തെ അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ട്രംപുമായി സംസാരിച്ചിട്ട് നാല് വര്‍ഷത്തോളമായെന്നാണ് പുടിൻ ഇന്ന് പറഞ്ഞത്. അതേസമയം, യുക്രെയ്ൻ വിഷയത്തിൽ സമാധാന ചർച്ചകൾ നടക്കുകയാണെങ്കിൽ ട്രംപിനും ഇത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - Putin says Russia is ready to compromise with Trump on Ukraine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.