കിയവ്: റഷ്യയെ പിടിച്ചുകുലുക്കി സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ ഭരണ അട്ടിമറി നീക്കം. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനെ പുറത്താക്കണമെന്ന ആവശ്യവുമായി അതിർത്തിനഗരമായ റോസ്തോവോണിൽനിന്ന് കൂലിപ്പട മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണ്.
വൊറോണെഷ് നഗരം പിടിച്ചെടുത്ത് ഹൈവേയിലൂടെ ലൈപെസ്ക് പ്രവിശ്യയിലേക്ക് കടന്ന പടയുടെ വാഹനങ്ങൾക്കുനേരെ റഷ്യൻ സൈന്യം വെടിയുതിർത്തു. വൊറോണെഷ് നഗരത്തിലെ എണ്ണ ഡിപ്പോയിലെ ഇന്ധന ടാങ്കിന് തീപിടിച്ചു. മോസ്കോ ഉൾപ്പെടെ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ആളുകൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. ദക്ഷിണ റഷ്യയിലെ റോസ്തോവോൺ ദോൺ നഗരം പിടിച്ചെടുത്തതായി ശനിയാഴ്ച പുലർച്ചെ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോഷിൻ ആണ് പ്രഖ്യാപിച്ചത്. റഷ്യക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ യുക്രെയ്നിലെ യുദ്ധമുഖത്തുനിന്ന് മടങ്ങിയെത്തി റോസ്തോവോണിലെ റഷ്യൻ സൈനിക ആസ്ഥാനം തന്റെ പടയാളികൾ വളഞ്ഞിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം അവകാശപ്പെട്ടു. സൈനികകേന്ദ്രവും നഗരവും വിമാനത്താവളവും തന്റെ നിയന്ത്രണത്തിലാണ്. 25,000 പടയാളികളുടെ പിന്തുണയുണ്ട്. റഷ്യൻ അതിർത്തി ചെക്പോസ്റ്റിൽ കൂലിപ്പടക്ക് ചെറുത്തുനിൽപ് നേരിടേണ്ടിവന്നില്ല. രക്തച്ചൊരിച്ചിൽ ഇല്ലാതെയാണ് നഗരം കീഴടക്കിയത്. എതിർക്കാൻ വരുന്നവരെയെല്ലാം നശിപ്പിക്കും. എന്തുവന്നാലും മുന്നോട്ടുതന്നെ. മരിക്കേണ്ടിവന്നാലും ലക്ഷ്യം കണ്ടിട്ടേ അടങ്ങൂവെന്നും അദ്ദേഹം പറഞ്ഞു. നിരത്തിൽ സൈനിക വാഹനങ്ങൾ നിറഞ്ഞ മറ്റൊരു വിഡിയോയും ടെലിഗ്രാമിലൂടെ പുറത്തുവിട്ടു.
യുക്രെയ്നെതിരെ നിർണായക യുദ്ധം നടക്കുമ്പോഴുള്ള പ്രിഗോഷിന്റെ നീക്കത്തോട് രൂക്ഷമായി പ്രതികരിച്ച പ്രസിഡന്റ് വ്ലാദിമിർ പുടിൻ രാജ്യദ്രോഹം വെച്ചുപൊറുപ്പിക്കില്ലെന്ന് ടെലിവിഷനിലൂടെ മുന്നറിയിപ്പ് നൽകി. ‘പിന്നിൽനിന്നുള്ള കുത്ത്’ എന്നാണ് പ്രിഗോഷിന്റെ നീക്കത്തെ പുടിൻ വിശേഷിപ്പിച്ചത്. കലാപനീക്കത്തിന് പിന്നിലുള്ള എല്ലാവർക്കും കടുത്തശിക്ഷ നൽകും. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ സുരക്ഷ സേനയോട് ഉത്തരവിട്ടിട്ടുമുണ്ട്. എന്നാൽ പ്രസിഡന്റ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് മറുപടി നൽകിയ പ്രിഗോഷിൻ തന്റേത് അട്ടിമറി നീക്കമല്ലെന്നും നീതി തേടിയുള്ള യാത്ര മാത്രമാണെന്നും വിശദീകരിച്ചു.
യുക്രെയ്നെതിരായ യുദ്ധത്തിൽ വാഗ്നർ കൂലിപ്പട നിർണായക പങ്കാണ് വഹിക്കുന്നത്. ഏറെനാൾ നീണ്ട രക്തരൂഷിത യുദ്ധത്തിനുശേഷം യുക്രെയ്നിലെ ബഖ്മുത് നഗരം വാഗ്നർ പട കീഴടക്കിയിരുന്നു. എന്നാൽ, ആവശ്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചുനൽകിയില്ലെന്ന് റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിൻ വിമർശനം ഉന്നയിച്ചിരുന്നു. യുക്രെയ്നിലെ വാഗ്നർ ക്യാമ്പിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണവും വെടിവെപ്പുമാണ് പ്രിഗോഷിന്റെ കലാപനീക്കത്തിന് പെട്ടെന്നുള്ള പ്രകോപനമെന്ന് കരുതുന്നു. ആക്രമണത്തിൽ 2000 പടയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാഗ്നർ പടയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൈനിക മേധാവി ജനറൽ വലേരി ജെറാസിമോവിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പ്രിഗോഷിൻ ആരോപിച്ചു. സിവിലിയന്മാർക്കുനേരെ വെടിയുതിർത്ത റഷ്യൻ സൈനിക ഹെലികോപ്ടർ വെടിവെച്ചിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. പുടിന്റെ ‘പാചകക്കാരൻ’ ആയാണ് പ്രിഗോഷിൻ അറിയപ്പെടുന്നത്. പുടിന്റെ പിന്തുണയോടെയാണ് പ്രിഗോഷിൻ വാഗ്നർ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.