അഭയാർഥി ക്യാമ്പിലെ ആക്രമണം: പിഴവുണ്ടായി, സംഭവം അന്വേഷിക്കുന്നു -നെതന്യാഹു

തെൽഅവീവ് / ഗസ്സ സിറ്റി: റഫയിലെ തമ്പുകളിലുണ്ടായ ആക്രമണം ദുരന്തപൂർണമായ പിഴവാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹു. കൂട്ടക്കൊലയിൽ ലോകമെമ്പാടും പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അന്വേഷിച്ചുവരുകയാണ്. സാധാരണ മനുഷ്യരെ അപായപ്പെടുത്തരുതെന്നാണ് രാജ്യത്തിന്റെ നയമെങ്കിലും ഒരു പിഴവുണ്ടായി -നെതന്യാഹു വിശദീകരിച്ചു.

അതേസമയം, അഭയാർഥി തമ്പുകളിൽ ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 45 ആയി. ആക്രമണത്തിനു പിന്നാലെ വൻതീപിടിത്തമുണ്ടായിരുന്നു. ഇതിൽ ടെന്റിനുള്ളിൽ കിടന്ന് പൊള്ളലേറ്റ് ഭൂരിഭാഗവും മരിച്ചതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു.

റഫ​യി​ലെ സൈ​നി​ക നടപടി അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉ​ത്ത​ര​വ് വകവെക്കാതെയാണ് റ​ഫ​യി​ൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തിയത്. ഈ ആക്രമണത്തിനുപിന്നാലെയും പരിസര പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. പടിഞ്ഞാറൻ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്തോനേഷ്യൻ ആശുപത്രിയുടെ മുകൾ നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഗസ്സയിലെ മറ്റൊരു ആശുപത്രിയായ അൽ അഖ്സ ആശുപത്രി നേരിടുന്നത് കടുത്ത ഇന്ധന ക്ഷാമമാണ്. ഇന്ധനം ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന നിരവധി ഫലസ്തീനികളുടെ ജീവൻ അപകടത്തിലാണ്. നാല് ഇന്ധന ട്രക്കുകൾ ഉൾപ്പെടെ 200 ഓളം ട്രക്കുകൾ ഞായറാഴ്ച ഗസ്സയിലേക്ക് പോയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒന്നും ഗസ്സയിൽ പ്രവേശിച്ചിട്ടില്ലെന്നും ഈ ട്രക്കുകൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് റിപ്പോർട്ട്.

Tags:    
News Summary - rafah camp attack death toll rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.