ശ്രീലങ്ക: രാജി സന്നദ്ധത അറിയിച്ച് രാജപക്സ

കൊളം​ബോ: ശ്രീലങ്കൻ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വിളിച്ചുചേർത്ത പാർട്ടി നേതാക്കളുടെ അടിയന്തര യോഗത്തിൽ പ്രസിഡന്റ് ഗോടബയ രാജപക്സ ഉടനടി രാജിവെക്കണമെന്ന് ആവശ്യം. പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി നേതാക്കൾ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് രാജപക്സ അറിയിച്ചതായാണ് വിവരം. യോഗത്തിലെ തീരുമാനം പൊതു ജനങ്ങളെ അറിയിക്കണമെന്നും പ്രസിഡന്റ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗം തുടരുകയാണ്. സ്പീക്കർ അടിയന്തര പാർലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 16 എം.പിമാർ രാജപക്സക്ക് കത്തെഴുതിയിരുന്നു.

അതിനിടെ രാജപക്സ രാജ്യം വിടുന്നുവെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. രാജപക്സയുടെ സുരക്ഷാ വാഹനവ്യൂഹത്തെ വിമാനത്താവളത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് എസ്.എൻ.എൽ ഗജബാഹു കപ്പലിൽ കയറി നടുക്കടലിൽ കഴിയുകയാണെന്ന് നാവിക ഉദ്യോഗസ്ഥൻ പറഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് തോന്നുമ്പോൾ കരയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രസിഡന്റിന്റെ ഓഫീസിന്റെയും വസതിയുടെയും നിയന്ത്രണം പ്രതിഷേധക്കാർ കൈയടക്കി. കലാപത്തിൽ 40 പ്രതിഷേധക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഒരു സംഘം സൈനികരും പ്രസിഡന്റിനെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ച് പ്രതിഷേധം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രോഷാകുലരായ പ്രതിഷേധക്കാർ സമാഗി ജന ബലവേഗയ(എസ്.ജെ.ബി) എം.പി രജിത സെനരത്നെയെ ആക്രമിച്ചു.

അതിനിടെ, താനും പ്രതിഷേധക്കാർക്കൊപ്പമാണെന്ന് അറിയിച്ച് മുൻ ക്രിക്കറ്റർ സനത് ജയസൂര്യ രംഗത്തെത്തി. പ്രതിഷേധം മാസങ്ങളായി തുടരുന്നതാണെന്നും ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.  കുമാർ സംഗക്കാരെയും പ്രതിഷേധത്തിന്റെ വിഡിയോ പങ്കുവെച്ചു.


Tags:    
News Summary - Rajapaksa offers to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.