?????? ???????? ????????????? ?????? ???? ???????? ?????? ????????

ജനൽ ചില്ലിനരികിലിരുന്ന് ഉമ്മക്ക് അന്ത്യയാത്രയൊരുക്കി മകൻ

ഫലസ്തീൻ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഉമ്മയെ കാണാൻ ജിഹാദ് അൽ സുവൈത്തി എന്ന ചെറുപ്പക്കാരന് ആശുപത്രിയുടെ മതിൽക്കെട്ടോ ഉയരമുള്ള കെട്ടിടമോ തടസ്സമായിരുന്നില്ല. കാരണം അത്രമേൽ സ്നേഹമായിരുന്നു അവന് ഉമ്മയോട്. ഉമ്മക്ക് തിരിച്ചും...

ആശുപത്രിയുടെ മതിൽക്കെട്ടും ചാടിക്കടന്ന് രണ്ടാൾപ്പൊക്കമുള്ള കെട്ടിടത്തിന്‍റെ മുകളിൽ കയറിപ്പറ്റിയ ജിഹാദിന് ആ ജില്ലുജാലകത്തിലൂടെ മിനിറ്റുകളേ ഉമ്മയെ ജീവനോടെ കണ്ടിരിക്കാൻ പറ്റിയുള്ളൂ... നിമിഷങ്ങൾക്കകം അവനോട് അവസാനമായി യാത്ര പറഞ്ഞെന്നോണം ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഉമ്മയുടെ ആത്മാവ് ശരീരം വിട്ടുപോവുന്നത് അടക്കിപ്പിടിച്ച കരിച്ചിലോടെയാണ് അവന് കാണാനായത്. മരിക്കുമ്പോൾ ജിഹാദ് അടുത്തുണ്ടാവണമെന്ന് ഉമ്മയും ആഗ്രഹിച്ചിരുന്നത്രെ...

വെസ്റ്റ് ബാങ്കിലെ ബൈത്ത് അവയിലെ ഹെബ്രോൺ സ്റ്റേറ്റ് ആശുപത്രിയിൽ കഴിഞ്ഞ വ്യാഴായ്ചയാണ് ലോകത്തെ കണ്ണീരണിയിച്ച ഈ സംഭവം നടന്നത്. കോവിഡ് ബാധിച്ച 73 കാരിയായ ഉമ്മ രാസ്മി സുവൈത്തിയെ 5 ദിവസം മുമ്പായിരുന്നു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഉമ്മയെ ആശുപത്രി കെട്ടിടത്തിന്‍റെ ചില്ലുജാലകത്തിലൂടെ കണ്ണീരോടെ നോക്കിക്കാണുന്ന ജിഹാദിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രക്താർബുധ ബാധിതയായ രാസ്മിക്ക് കോവിഡ്കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

ഉമ്മയുടെ രോഗവിവരം ജിഹാദ് ആശുപത്രി അധികൃതരോട് പതിവായി അന്വേഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വ്യാഴായ്ചയോടെ ഉമ്മ അതീവ ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു നോക്കു കാണാൻ അവരോട് ജിഹാദ് കെഞ്ചിയെങ്കിലും കർശന കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ അനുമതി ലഭിച്ചില്ല.

പക്ഷേ തന്നെ പോറ്റി വളർത്തിയ ഉമ്മയെ കാണാതിരിക്കാൻ ജിഹാദിന് കഴിയില്ലായിരുന്നു. തുടർന്നാണ്  ആശുപത്രി കെട്ടിടം അവൻ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിക്കയറുന്നത്. ആ ഐ.സി.യു വാർഡിന്‍റെ പിറകുവശത്തെ ചില്ലിലൂടെ ഏറെ പരതിയ ശേഷം അവൻ ഉമ്മയെ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം ഉമ്മ മരിക്കുകയും ചെയ്തു. 

മുഹമ്മദ് സഫ എന്നയാളായിരുന്നു ജിഹാദിന്‍റെ ജനലിനരികിലൂടെ ഉമ്മയെ കാണുന്ന പടം ട്വീറ്റ് ചെയ്തത്. ‘എന്തൊരു മകനാണ്, ഉമ്മയെ അവൻ എത്രത്തോളമാണ് സംരക്ഷിക്കുന്നത്. കണ്ണീരൊഴുക്കാതെ ആ സ്നേഹം കണ്ടിരിക്കാനാവില്ല’ എന്നായിരുന്നു സഫ ട്വിറ്ററിൽ കുറിച്ചത്. 

Tags:    
News Summary - Rasmi Suwaiti, 73, died shortly after receiving the unexpected visit from her son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.