തെഹ്റാൻ: ഐക്യരാഷ്ട്ര സഭയുടെ ഉപരോധം നേരിടുന്ന മുഹമ്മദ് ഇസ്ലാമിയെ ആണവ പദ്ധതിയുടെ തലവനായി പുനർനിയമിച്ച് ഇറാൻ. പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇറാന്റെ ആണവ പദ്ധതിയുമായി നേരിട്ട് ബന്ധമുണ്ടെന്നാരോപിച്ചാണ് 2008ൽ ഐക്യരാഷ്ട്രസഭ ഇദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.
അന്ന് ഇറാനിലെ ഡിഫൻസ് ഇൻഡസ്ട്രീസ് ട്രെയിനിങ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്നു ഇസ്ലാമി. യു.എസിലെ മിഷിഗണിലെ ഡിട്രോയിറ്റ് സർവകലാശാലയിൽനിന്നും ഒഹായോയിലെ ടോളിഡോ സർവകലാശാലയിൽനിന്നും ബിരുദം നേടിയ സിവിൽ എൻജിനീയറാണ് മുഹമ്മദ് ഇസ്ലാമി. വർഷങ്ങളോളം ഇറാന്റെ സൈനിക വ്യവസായങ്ങളിൽ പ്രവർത്തിച്ച പരിചയമുണ്ട് 67കാരനായ ഇസ്ലാമിക്ക്.
2021ലാണ് മുൻ പ്രസിഡൻറ് ഇബ്രാഹിം റൈസി അദ്ദേഹത്തെ ആദ്യമായി ഇറാന്റെ ആണവ വകുപ്പിന്റെ മേധാവിയായി നിയമിച്ചത്. 2018 മുതൽ മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ഭരണത്തിൽ ഗതാഗത, നഗര വികസന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആണവ പദ്ധതി നിർത്തിവെക്കാനുള്ള കരാർ തകർന്നതോടെ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2015ലെ കരാറിെൻറ പരിധിക്കപ്പുറം ആണവ പ്രവർത്തനങ്ങൾ ഇറാൻ ശക്തമാക്കുകയാണെന്നാണ് യു.എസും ഫ്രാൻസും ബ്രിട്ടനും ജർമനിയും ആരോപിക്കുന്നത്. എന്നാൽ, ആണവ പദ്ധതി സമാധാനപരവും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമാണെന്നാണ് ഇറാന്റെ വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.