വാഷിങ്ടൺ: യു.എസ് കോൺഗ്രസ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീപ്പൊരി യാഥാസ്ഥിതിക നേതാവായ ജിം ജോർഡനെ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെയാണ് ഇദ്ദേഹം മത്സര രംഗത്തേക്ക് എത്തുന്നത്.
ഒഹായോയിൽനിന്നുള്ള കോൺഗ്രസ് അംഗമായ ജോർഡന് രഹസ്യ ബാലറ്റിൽ 124 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി ജോർജിയയിൽനിന്നുള്ള ഓസ്റ്റിൻ സ്കോട്ടിന് 81 വോട്ടാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ എതിർപ്പിനെത്തുടർന്ന് കെവിൻ മക്കാർത്തി സ്പീക്കർ സ്ഥാനമൊഴിഞ്ഞത് 10 ദിവസം മുമ്പാണ്. തുടർന്ന് സ്പീക്കറില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ബില്ലുകൾ പാസാക്കാനോ അടിയന്തര സഹായത്തിനുള്ള വൈറ്റ് ഹൗസ് അഭ്യർഥന അംഗീകരിക്കാനോ ഹ്രസ്വകാല ചെലവുകൾക്കുള്ള അനുമതി നൽകാനോ കോൺഗ്രസിന് കഴിയില്ല. അതേസമയം, സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജോർഡന് പാർട്ടിക്കുള്ളിൽ വ്യാപക പിന്തുണയില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.