കൈറോ: തെക്കൻ ഈജിപ്തിൽ പുരാതനമായ ക്ഷേത്രത്തിൽനിന്ന് പുഞ്ചിരിക്കുന്ന മുഖവും രണ്ട് നുണക്കുഴികളുമുള്ള സ്ഫിങ്ക്സ് പ്രതിമയും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. ഈജിപ്തിലെ സംരക്ഷിതസ്ഥലമായ ഹത്തോർ ക്ഷേത്രത്തിന് സമീപമാണ് ചുണ്ണാമ്പുകല്ലിൽ തീർത്ത സ്ഫിങ്ക്സ് പ്രതിമ ഗവേഷകർ കണ്ടെത്തിയതെന്ന് വിനോദസഞ്ചാര പുരാവസ്തു മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തലസ്ഥാനമായ കൈറോയിൽനിന്ന് 450 കിലോമീറ്റർ തെക്ക് ക്വീന പ്രവിശ്യയിലെ ഡെൻഡേര ക്ഷേത്രത്തിലെ രണ്ട് നിലകളുള്ള ശവകുടീരത്തിനുള്ളിലാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. ഇതോടൊപ്പം റോമൻ കാലഘട്ടത്തിലെ ഡെമോട്ടിക്, ഹൈറോഗ്ലിഫിക് ലിപികൾ എഴുതിയ ശിലാഫലകവും കണ്ടെത്തി. റോമൻ ചക്രവർത്തിയായ ക്ലോഡിയസിന്റെ മുഖമുള്ളതാണ് സ്ഫിങ്ക്സെന്ന് കരുതുന്നതായും ശവകുടീരം ചക്രവർത്തി ഏതാണെന്നതിലേക്ക് വെളിച്ചംവീശുമെന്നും ഗവേഷകർ വ്യക്തമാക്കി. 20 മീറ്റർ ഉയരമുള്ള ഗിസയിലെ പിരമിഡുകളിലെ പ്രസിദ്ധമായ ഗ്രേറ്റ് സ്ഫിങ്ക്സിനെക്കാൾ വളരെ ചെറുതാണിത്.
ഈജിപ്തുകാരുടെ സന്തോഷത്തിന്റെയും മാതൃത്വത്തിന്റെയും ദേവതയായ ഹത്തോർ ദേവിയുടെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം ഡെൻഡേരയാണ്. ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള സാങ്കൽപികരൂപമാണ് സ്ഫിങ്സ്. ഒറ്റക്കല്ലിൽ തീർത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്സ് എന്ന പേരുകിട്ടിയത് ഗ്രീക്കിൽനിന്നാണ്. ഗിസയിലെ മരുഭൂമിയിലുള്ള ഗ്രേറ്റ് സ്ഫിങ്സ് ആണ് ലോകത്തിലെ ഏറ്റവും വലുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.