വാഷിങ്ടൻ: മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സാമി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പാർലമെന്‍റിൽ പ്രമേയം. യുവാൻ വർഗാസ്, ജിം മക്ഗവേൺ, ആന്ദ്രേ കാഴ്സൻ എന്നിവർ ചേർന്നാണ് ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിൽ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആശങ്കയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. 2021 ജൂലൈ അഞ്ചിനാണ് സ്റ്റാൻ സാമി അന്തരിച്ചത്.
കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽവന്ന രാജ്യദ്രോഹ നിയമം റദ്ദാക്കിയ സുപ്രീംകോടതി നടപടിയെ യു.എസ് പാർലമെന്‍റ് അംഗങ്ങൾ പ്രകീർത്തിച്ചു. രാജ്യദ്രോഹ നിയമം പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യൻ പാർലമെന്‍റ് തയാറാകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 1948ൽ ഐക്യരാഷ്ട്രസഭ സ്വീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19ാം വകുപ്പു പ്രകാരം, അഭിപ്രായ സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.സ്റ്റാൻ സാമി ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. ആദിവാസികൾ ഉൾപ്പെടെ അരികുവത്കരിക്കപ്പെട്ടവർക്കായി അദ്ദേഹം പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.