മോസ്കോ: ക്രീമിയയിലെ കരിങ്കടലിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടന് പങ്കുണ്ടെന്ന് റഷ്യയുടെ ആരോപണം. യുക്രെയ്ൻ നടത്തിയ പരാജയപ്പെട്ട ഡ്രോൺ ആക്രമണങ്ങൾക്ക് യു.കെയിൽ നിന്നുള്ള വിദഗ്ധരുടെ പരിശീലനവും മേൽനോട്ടവും ലഭ്യമായിണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
കരിങ്കടലിലെ കപ്പലുകൾക്ക് നേരെ കിയവ് ഭരണകൂടം ആക്രമണം നടത്തി. സേവാസ്റ്റോപോളിലെ കപ്പൽചാലുകളിലെ കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒമ്പത് ആളില്ലാ വിമാനങ്ങളും സ്വയം പ്രവർത്തിക്കുന്ന ഏഴ് മാരിടൈം ഡ്രോണുകളും പങ്കാളിയായിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഈ ആക്രമണത്തിന്റെ തയാറെടുപ്പും സൈനിക ഉദ്യോഗസ്ഥരുടെ പരിശീലനവും ബ്രിട്ടീഷ് വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടത്തിയതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. ആരോപണങ്ങളോട് ബ്രിട്ടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണം നടത്തിയ ഒമ്പത് ആളില്ലാ വിമാനങ്ങളെയും ഏഴ് ഡ്രോണുകളെയും തകർത്തുവെന്ന് റഷ്യ അവകാശപ്പെട്ടു. യു.എൻ ഇടപെട്ട് രൂപവത്കരിച്ച കരാർ പ്രകാരം യുക്രേനിയൻ ധാന്യങ്ങളുടെ കയറ്റുമതിക്കായുള്ള കപ്പലുകളാണ് തങ്ങളുടെ ക്രിമിയൻ ബേസിലുണ്ടായിരുന്നതെന്നും അവയെയാണ് യുക്രെയ്ൻ ലക്ഷ്യമിട്ടതെന്നും റഷ്യ ആരോപിച്ചു. യു.എൻ ഇടപെട്ട് ഉണ്ടാക്കിയ കരാറിനെയും റഷ്യ ഈയിടെ വിമർശിച്ചിരുന്നു. പാശ്ചാത്യ ഉപരോധം മൂലം തങ്ങളുടെ ധാന്യങ്ങൾ പോലും കയറ്റുമതി ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
എന്നാൽ റഷ്യയുടെത് വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് യുക്രെയ്ൻ പറഞ്ഞു. കരിങ്കടലിലെ ധാന്യ ഇടനാഴിയെ ആക്രമിക്കില്ലെന്ന് റഷ്യയും യുക്രെയ്നും തീരുമാനിച്ചിരുന്നു. എന്നാൽ ധാന്യ ഇടനാഴിയെ തടസപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് റഷ്യ കാഴ്ചവെക്കുന്നത്. അതിനു വേണ്ടിയാണ് അവർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത്. ധാന്യ ഇടനാഴ് തടസപ്പെടുത്തുന്നത് വഴി ലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലാക്കാനാകും. വിശപ്പിനെ മുൻനിർത്തിയുള്ള കളികൾ റഷ്യ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
യുക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി അനുവദിച്ച കരാറിലെ പങ്കാളിത്തം റഷ്യ പിന്നീട് നിർത്തിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.