റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന കിയവിലെ കെട്ടിടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ

ഇടവേളക്കുശേഷം കിയവ് ആക്രമിച്ച് റഷ്യ; അഞ്ചു മരണം

കിയവ്: ഇടവേളക്കുശേഷം യുക്രെയ്ൻ തലസ്ഥാനമായ കിയവിനുനേരെ ആക്രമണം കടുപ്പിച്ച് റഷ്യ. റഷ്യൻ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ മരിക്കുകയും ഷെവ്ചെൻകിവ്സ്കി ജില്ലയിൽ താമസകെട്ടിടവും കിൻഡർ ഗാർട്ടനും തകരുകയും ചെയ്തു. യുക്രെയ്ന്റെ കിഴക്ക് ഡോൺബാസ് മേഖലയിൽ മേധാവിത്വം ഉറപ്പിച്ചശേഷമാണ് റഷ്യ ഞായറാഴ്ച പുലർച്ചെ കിയവിനുനേരെ തിരിഞ്ഞത്. ജൂൺ അഞ്ചിനുശേഷം ആദ്യമായാണ് റഷ്യ കിയവ് ആക്രമിക്കുന്നത്. ജർമനിയിൽ ചേർന്ന ജി7 ഉച്ചകോടിക്കായി ലോകനേതാക്കൾ ഒത്തുചേരുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്.

നാലു സ്ഫോടനങ്ങൾ നടന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ പുറത്തെടുത്തതായും കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

14 മിസൈലുകൾ കിയവ് മേഖലയിലേക്ക് റഷ്യ തൊടുത്തുവിട്ടതായി യുക്രെയ്ൻ പാർലമെന്റ് അംഗം ഒലെക്‌സി ഗോഞ്ചരെങ്കോ അറിയിച്ചു. കിഴക്കൻ മേഖലയായ ലുഹാൻസ്കിൽ യുക്രെയ്ൻ സൈനികരും പൗരന്മാരും തമ്പടിച്ച രാസഫാക്ടറിയും സിവയേറോഡൊണെറ്റ്സ്കും നേരത്തേ റഷ്യൻ നയന്ത്രണത്തിലായിരുന്നു. സമീപനഗരമായ ലിസിചാൻസ്കിൽ റഷ്യൻ വ്യോമാക്രമണത്തിൽ ടെലിവിഷൻ ടവറും റോഡുകളും പാലങ്ങളും തകർന്നിരുന്നു. 

Tags:    
News Summary - Russia invades Kiev after the break; Five deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.