വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ കിഴക്കൻ യുക്രെയ്നിലെ ലിസിചാൻസ്ക് നഗരത്തിൽ വീടിനു പുറത്ത് പാചകം ചെയ്യുന്ന തദ്ദേശവാസികൾ

കൂടുതൽ യുക്രെയ്ൻ നഗരങ്ങൾ കീഴടക്കാൻ റഷ്യ

കിയവ്: യുക്രെയ്നിലെ അധിനിവേശം മൂന്നുമാസത്തോടടുക്കവെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുക്കാൻ ആക്രമണം ശക്തമാക്കി റഷ്യ. വടക്കുകിഴക്കൻ ഡോൺബാസിലെ തന്ത്രപ്രധാന നഗരമായ ലിമാൻ നിയന്ത്രണത്തിലാക്കിയതായി റഷ്യൻ അനുകൂല വിമതർ. എന്നാൽ, ഇക്കാര്യം യുക്രെയ്ൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, വിദേശ ആയുധങ്ങളില്ലാതെ യുക്രെയ്ൻ സൈന്യത്തിന് റഷ്യൻ മുന്നേറ്റം തടയാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ലുഹാൻസ്കിൽ സീവിറൊഡൊണേട്സ്ക്, ലിസിചാൻസ്ക് എന്നീ നഗരങ്ങളിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഈ നഗരങ്ങളിൽ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഇരു നഗരങ്ങളും വളയാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം.

സീവിറൊഡൊണേട്സ്ക് നഗരത്തിൽ ആക്രമണം തുടങ്ങി ഇതുവരെ 1500 തദ്ദേശവാസികൾ കൊല്ലപ്പെട്ടതായും 60 ശതമാനത്തോളം ജനവാസകെട്ടിടങ്ങൾ തകർന്നതായും സെവറൊഡൊണേട്സ്ക് മേയർ ഒലെക്സാണ്ടർ സ്ട്രെയുക് അറിയിച്ചു. റഷ്യയുടെ ആക്രമണം ഡോൺബാസിനെ നശിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡിനിപ്രോയിലെ സൈനിക കേന്ദ്രത്തിൽ റഷ്യൻ ആക്രമണത്തിൽ 10 പേർ മരിച്ചു. റഷ്യൻ അധിനിവേശം തുടങ്ങിയതുമുതൽ യുക്രെയ്നിൽ 4000ത്തിലേറെ തദ്ദേശവാസികൾ കൊല്ലപ്പെട്ടതായാണ് യു.എൻ റിപ്പോർട്ട്. എന്നാൽ, മരിച്ചവരുടെ യഥാർഥ കണക്ക് ഇതിലേറെ വരും.

Tags:    
News Summary - Russia to conquer more Ukrainian cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.