കിയവ്: യുക്രെയ്നിലെ ആശുപത്രി ലക്ഷ്യമിട്ട് റഷ്യ നടത്തിയ തുടർച്ചയായ ഡ്രോൺ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. റഷ്യയുടെ കുർസ്ക് മേഖലയിൽനിന്ന് 32 കിലോമീറ്റർ അകലെയുള്ള സുമി പട്ടണത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ആദ്യത്തെ ബോംബിങ്ങിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകുന്നതിനിടെ റഷ്യ വീണ്ടും ആക്രമണം നടത്തുകയായിരുന്നെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു.
ഷാഹിദ് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ രാത്രി വിക്ഷേപിച്ച 73 റഷ്യൻ ഡ്രോണുകളിൽ 69 എണ്ണവും നാല് മിസൈലുകളിൽ രണ്ടെണ്ണവും തകർത്തതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. അതേസമയം, അതിർത്തി നഗരമായ ഷെബെകിനോയിൽ ശനിയാഴ്ച യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബെൽഗൊറോഡ് മേഖല ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുടെ സ്വന്തം നഗരമായ ക്രിവി റിഹിൽ വെള്ളിയാഴ്ച റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം, ബെൽഗൊറോഡ്, കുർസ്ക് മേഖലകളിൽ കഴിഞ്ഞ രാത്രി അഞ്ച് യുക്രെയ്ൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.