കിയവ്: കടുത്ത പോരാട്ടം നടന്ന യുക്രെയ്നിന്റെ കിഴക്കൻ നഗരമായ സിവേറോഡൊനെറ്റ്സ്കിൽനിന്ന് പിൻമാറാൻ യുക്രെയ്ൻ സൈന്യം തീരുമാനിച്ചതായി പ്രാദേശിക ഗവർണർ വ്യക്തമാക്കി. റഷ്യൻ സൈന്യം പ്രദേശം വളയുന്ന അവസ്ഥ ഒഴിവാക്കാനാണിത്. ലുഹാൻസ്ക് മേഖലയുടെ ഭരണകേന്ദ്രമാണ് സിവേറോഡൊനെറ്റ്സ്ക്. ഇവിടെ കടുത്ത റഷ്യൻ ബോംബാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
റഷ്യയോട് ഇഞ്ചോടിഞ്ച് പോരാടിനിന്ന യുക്രെയ്നികൾ പിന്നീട് നഗരപ്രാന്തത്തിലെ രാസ ഫാക്ടറിയിലേക്ക് മാറിയിരുന്നു. ഇവിടുത്തെ ഭൂഗർഭ കേന്ദ്രങ്ങളിലാണ് സൈന്യം അഭയം തേടിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സിവേറോഡൊനെറ്റ്സ്കും അടുത്തുള്ള ലൈസൈചാൻസ്കിലും മേൽക്കൈ നേടിയ റഷ്യൻ സൈന്യം യുക്രെയ്ൻ സൈനികരെ വളയാനുള്ള തന്ത്രമാണ് ആവിഷ്കരിച്ചത്.
ഈ തന്ത്രം തകർക്കാനാണ് സിവേറോഡൊനെറ്റ്സ്ക് വിട്ടുപോകാൻ സേനക്ക് നിർദേശം നൽകിയതെന്ന് ലുഹാൻസ്ക് ഗവർണർ സെർഹിയ് ഹെയ്ദായ് വ്യക്തമാക്കി. കൃത്യമായ പ്രതിരോധ സൗകര്യങ്ങളില്ലാതായ പ്രദേശത്തെ പോരാട്ടം ആൾനാശവും തിരിച്ചടിയും കൂടാൻ വഴിയൊരുക്കും.
പിൻവാങ്ങുന്ന കേന്ദ്രങ്ങളിൽനിന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തലസ്ഥാനമായ കിയവ് പിടിക്കാൻ റഷ്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അവരുടെ അധിനിവേശം ഡോൺബസ് മേഖലയിലേക്ക് മാറ്റി.
2014 മുതൽ മോസ്കോ പിന്തുണയുള്ള വിമതരോട് യുക്രെയ്ൻ പോരടിക്കുന്ന പ്രദേശമാണിത്. നിലവിൽ ഡോൺബസിലെ രണ്ടു പ്രവിശ്യകളായ ലുഹാൻസ്കിന്റെ 95 ശതമാനവും ഡോണറ്റ്സ്കിന്റെ പകുതിയോളവും റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്.റഷ്യയെ പ്രതിരോധിക്കാൻ കൂടുതൽ ആയുധം വേണമെന്ന് തുടക്കം മുതൽ യുക്രെയ്ൻ തങ്ങളുടെ പടിഞ്ഞാറൻ സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
മധ്യദൂര പരിധിയുള്ള അമേരിക്കയുടെ റോക്കറ്റ് ലോഞ്ചറുകൾ ലഭിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് വ്യക്തമാക്കി.
ഉന്നത പ്രഹരശേഷിയുള്ള 'ആർടിലറി റോക്കറ്റ് സിസ്റ്റം' യുക്രെയ്ൻ പക്കലുണ്ടെന്നും അവർ അത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്യമായി ശത്രുകേന്ദ്രത്തിൽ റോക്കറ്റ് പതിക്കുന്ന യന്ത്രങ്ങൾ യുക്രെയ്ന് നൽകുന്നത് മേയ് അവസാനം യു.എസ് അംഗീകരിച്ചതാണ്.
ഇതിന് 70 കിലോമീറ്ററാണ് പരിധി. യന്ത്രങ്ങൾ യുക്രെയ്നിൽ എത്തിയാൽ ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കാൻ മൂന്ന് ആഴ്ചയെങ്കിലും വേണ്ടി വരും.
യുക്രെയ്ന് കൂടുതൽ സൈനിക സഹായമെത്തിക്കാനുള്ള നീക്കത്തിലാണ് യു.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.