മോസ്കോ: റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവുമായുള്ള അഭിപ്രായവ്യത്യാസമാണ് വാഗ്നർ കൂലിപ്പടയുടെ അട്ടിമറി നീക്കത്തിന് കാരണം. യുക്രെയ്നെതിരായ യുദ്ധത്തിൽ നിർണായക പങ്ക് വഹിക്കുന്ന വാഗ്നർ കൂലിപ്പടയുടെ ബഖ്മുത് നഗരത്തിലെ ക്യാമ്പിന് നേരെ റഷ്യൻ സൈന്യം റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തിയിരുന്നു. 2000ഓളം പടയാളികൾ കൊല്ലപ്പെട്ടതായാണ് പ്രിഗോഷിന്റെ ആരോപണം. എന്നാൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു.
യുദ്ധമുഖത്ത് ആവശ്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചുനൽകിയില്ലെന്ന് റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിൻ നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനെയും സൈനിക മേധാവി ജനറൽ വലേരി ജെറാസിമോവിനെയും പുറത്താക്കണമെന്നാണ് പ്രിഗോഷിന്റെ പ്രധാന ആവശ്യം. പുടിന്റെ ഭരണം അട്ടിമറിക്കാനുള്ള നീക്കമല്ലെന്നും നീതി ലഭിക്കണമെന്ന ആവശ്യം മാത്രമാണുള്ളതെന്നും പ്രിഗോഷിൻ ആണയിടുന്നു.
അതേസമയം, പ്രിഗോഷിന്റെ സൈനിക നീക്കത്തെ റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാചെസ്ലാവ് വൊളോഡിൻ അപലപിച്ചു. മാതൃരാജ്യത്തിന്റെ നിയമങ്ങൾ മാനിക്കണമെന്നും റഷ്യൻ സൈനിക മേധാവിയുടെ നിർദേശമനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്നും അദ്ദേഹം വാഗ്നർ കൂലിപ്പടയോട് ആഹ്വാനം ചെയ്തു. റഷ്യക്ക് ഒരേയൊരു സൈനിക മേധാവി മാത്രമാണുള്ളതെന്നും അദ്ദേഹത്തെ അനുസരിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആവശ്യപ്പെട്ടു.
റഷ്യക്കെതിരെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി രംഗത്തെത്തി. തെറ്റായ പാത തിരഞ്ഞെടുക്കുന്നവർ സ്വയം നശിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വന്തം ബലഹീനത മറച്ചുവെക്കാൻ പ്രചാരവേലയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം. നുണകൾ കൊണ്ട് മറച്ചുവെക്കാൻ കഴിയാത്തവിധം റഷ്യയിലെ പ്രശ്നങ്ങൾ പുറത്തുവരുകയാണിപ്പോൾ. എത്രകാലം റഷ്യൻ സേന യുക്രെയ്നിൽ തുടരുന്നുവോ അത്രയും കാലം അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളി
ശനി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.