ഡിനിപ്രോ: യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ അപ്പാർട്ട്മെന്റ് തകർന്ന് 12 പേർ മരിച്ചു. കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയ ആക്രമണങ്ങൾ രാജ്യത്തുടനീളമുള്ള ഊർജ-അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു.
കനത്ത ശൈത്യം അനുഭവപ്പെടുന്ന യുക്രെയ്നിൽ ദുഷ്കരമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് .
അവശിഷ്ടങ്ങളുടെ കൂമ്പാരത്തിനടിയിൽ ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണം മൂലം വരും ദിവസങ്ങളിൽ വൈദ്യുതി,ജലവിതരണത്തിന് തടസം നേരിട്ടേക്കാമെന്ന് യുക്രെയ്ൻ ഊർജ്ജമന്ത്രി അറിയിച്ചു.
അതേസമയം ഡിനിപ്രോ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്‍റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു. റഷ്യൻ ഭീകരതയും സിവിലിയൻ ആക്രമണവും അവസാനിപ്പിക്കാൻ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചു. യുക്രെയ്നിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്കും അവരുടെ മറ്റ് സഖ്യകക്ഷികളും ശനിയാഴ്ചത്തെ റഷ്യൻ ആക്രമണത്തെ അപലപിച്ചു.
കെട്ടിടത്തിൽ നിന്ന് 37 പേരെ രക്ഷപ്പെടുത്തിയതായും 64 പേർക്ക് പരിക്കേറ്റതായും സെലൻസ്കിയുടെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ പറഞ്ഞു. അതേസമയം, റഷ്യ നടത്തിയ ആക്രമണത്തിൽ സ്റ്റീൽ നിർമ്മാണ നഗരമായ ക്രൈവി റിഹിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സെലെൻസ്കിയുടെ ജന്മനാട്ടിൽ ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ ഒലെക്സാണ്ടർ വിൽകുൽ പറഞ്ഞു. അതേസമയം, റഷ്യ പിടിച്ചെടുത്ത സോളേദാർ പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.