മണിക്കൂറിൽ 13,000 കി.മീറ്റർ അതിവേഗത്തിൽ റഷ്യൻ മിസൈൽ പതിച്ചതായി യുക്രെയ്ൻ

കീവ്: യുക്രേനിയൻ നഗരമായ ഡിനിപ്രോയിൽ പതിച്ച റഷ്യൻ മിസൈൽ മണിക്കൂറിൽ 13,000 കിലോ മീറ്ററിലധികം വേഗതയിലാണ് എത്തിയതെന്നും വിക്ഷേപിച്ച് ലക്ഷ്യത്തിലെത്താൻ 15 മിനിറ്റിനടുത്ത് മാത്രമാണ് എടുത്തതെന്നും യുക്രൈൻ. റഷ്യ പ്രയോഗിച്ച പുതിയ ആയുധത്തി​ന്‍റെ ആദ്യ സൈനിക വിലയിരുത്തലിലാണ് ഇക്കാര്യമുള്ളത്.

യുക്രെയ്നി​ന്‍റെ യുദ്ധശ്രമങ്ങളെ പിന്തുണക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് മോസ്‌കോ പുതിയ ഇന്‍റർമീഡിയറ്റ് റേഞ്ച്, ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രേനിയൻ സൈനിക കേന്ദ്രത്തെ തകർത്തതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ പറഞ്ഞു.

യുദ്ധം മൂന്ന് വർഷത്തോടടുക്കുകയും റഷ്യക്കകത്തെ ലക്ഷ്യങ്ങളിലേക്ക് പാശ്ചാത്യ സഖ്യകക്ഷികൾ വിതരണം ചെയ്ത ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ തൊടുത്തുവിടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ ആക്രമണം.

മിസൈലിൽ ആറ് യുദ്ധോപകരണങ്ങൾ സജ്ജീകരിച്ചിരുന്നു. പാതയുടെ അവസാന ഭാഗത്തെ വേഗത മാക് 11ന് മുകളിലായിരുന്നു. സൂപ്പർസോണിക് വേഗതയുടെ അളവുകോലാണ് മാക്. മാക് 11 ഏകദേശം 13,600 കി.മീറ്റർ വരും. വിക്ഷേപണം കെദർ മിസൈൽ കോംപ്ലക്‌സിൽ നിന്നായിരിക്കാൻ സാധ്യതയുണ്ടെന്നും യുക്രെയ്ൻ സൈന്യം കൂട്ടിച്ചേർത്തു.

ആക്രമണത്തോട് ഉടൻ പ്രതികരിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. റഷ്യൻ ആക്രമണം ഉക്രെയ്‌നുമായി ചർച്ച ചെയ്യാൻ നാറ്റോ സഖ്യം ചൊവ്വാഴ്ച  ബ്രസൽസിലെ ആസ്ഥാനത്ത് അടിയന്തര യോഗം ചേരുമെന്ന് നാറ്റോ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Russian missile reached speed of more than 8,000 miles per hour, Ukraine says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.