പുടിന്റെ പെൺമക്കൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യ, യുക്രെയ്നിൽ അക്രമണം തുടരവെ റഷ്യക്കുമേൽ കൂടുതൽ നിയന്ത്രണങ്ങളുമായി യു.എസ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയുപോളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളാദിമർ സെലൻസ്കി പറഞ്ഞു.

റഷ്യക്ക് മേലുള്ള ഉപരോധങ്ങൾ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തിനിടെ പുടിന്റെ രണ്ട് മക്കൾക്കടക്കമാണ് അമേരിക്ക ഇന്നലെ ഉപരോധം ഏർപ്പെടുത്തിയത്. പുടിന്റെ സമ്പത്ത് അദ്ദേഹത്തിന്റെ മക്കളായ കാതറിന റ്റികനോവ, മരിയ പുടീന എന്നിവരാണ് ഒളിപ്പിക്കുന്നതെന്നും അതിനാൽ ആണ് ഇവരെ ലക്ഷ്യമിടുന്നതെന്നുമാണ് അമേരിക്കയുടെ വാദം. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ കുടുംബാംഗങ്ങൾക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിച്ചിട്ടുണ്ട്.

റഷ്യയെ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും ഒഴിവാക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായി യു.എസ് ട്രെഷറി സെക്രട്ടറി വ്യക്തമാക്കി. അതിനിടെ മരിയുപോളിലടക്കം റഷ്യൻ ആക്രമണം ശക്തമാകുകയാണ്. 5000 പേർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ പറഞ്ഞു. ഡോൺബാസ് മേഖലയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും നിലക്കാത്ത വെടിയൊച്ചകളാണ് യുക്രെയ്നിൽനിന്നും ഉയരുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഒന്നും ഫലം കണ്ടിട്ടില്ല. റഷ്യ ഇപ്പോഴും ​ആക്രമണം തുടരുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി നാറ്റോയുടെ സഹായം നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടിട്ടില്ല. അതിനിടയിലാണ് യുദ്ധം സംബന്ധിച്ച് പുതിയ അഭിപ്രായപ്രകടനവുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌നിന് വിജയിക്കാനാകുമെന്ന് ബുധനാഴ്ച പെന്റഗൺ പറഞ്ഞു. "തീർച്ചയായും അവർക്ക് ഇത് വിജയിക്കാൻ കഴിയും" -പെന്റഗൺ വക്താവ് ജോൺ കിർബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Russian President Putin's daughters, sanctioned by US, hidden from public eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.