കിയവ്: കിഴക്കൻ യുക്രെയ്നിലെ ഇനിയും കീഴടങ്ങാത്ത പട്ടണങ്ങളിലൊന്നായ സെവേറോഡോണറ്റ്സ്ക് അതിവേഗം റഷ്യൻ നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ആക്രമണം ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യൻ സേന നഗരമധ്യത്തിലേക്ക് മാർച്ച് ചെയ്തുതുടങ്ങിയതായി സെവേറോഡോണറ്റ്സ്ക് മേയർ അലക്സാണ്ടർ സിയുക് പറഞ്ഞു. ചെറുത്തുനിൽപില്ലാതെ നഗരം നിയന്ത്രണത്തിലാക്കാനൊരുങ്ങുന്ന റഷ്യൻ ടാങ്കുകൾ വഴിയിലുള്ളവയെല്ലാം നശിപ്പിക്കുകയാണെന്നും മരിയുപോളിലേതിനു സമാനമായ സാഹചര്യമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 200 തവണയെന്ന തോതിൽ ബോംബാക്രമണം നടക്കുന്നുണ്ട്. നഗരത്തിൽ ഇതുവരെ 1,500 സിവിലിയന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ഭരണകൂടം നൽകുന്ന സൂചന.
12,000-13,000 സിവിലിയന്മാർ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തലസ്ഥാന നഗരമായ കിയവ് പിടിക്കാനുള്ള ശ്രമങ്ങൾ പരാജയമായതോടെ ഡോൺബാസ് പ്രവിശ്യയിൽ നിയന്ത്രണം കടുപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. റഷ്യൻ അനുകൂല വിമതരുടെ കൈകളിലാണ് പ്രവിശ്യയിൽ ഏറെഭാഗവും. അവശേഷിച്ചവകൂടി പിടിക്കാനാണ് ഏറ്റവുമൊടുവിലെ ശ്രമം. സെവേറോഡോണറ്റ്സ്കിന്റെ സമീപ പട്ടണമായ ലിസിചാൻസ്കിലും റഷ്യൻ ആക്രമണം രൂക്ഷമാണ്. ഡോൺബാസ് പിടിക്കലാണ് ലക്ഷ്യമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും പറയുന്നു.
കിഴക്കൻ മേഖലയിൽ റഷ്യ സമ്പൂർണ ആധിപത്യത്തിനരികെ നിൽക്കുമ്പോൾ യുക്രെയ്ന് ആശ്വാസമായി മിസൈലുകളും ഹാവിറ്റ്സറുകളും. ഹാർപൂൺ കപ്പൽവേധ മിസൈലുകൾ നൽകി ഡെന്മാർക്കും ഹാവിറ്റ്സറുകളുമായി യു.എസുമാണ് അടിയന്തര സഹായം എത്തിച്ചത്. തീരദേശ സംരക്ഷണത്തിന് നെപ്റ്റ്യൂൺ മിസൈലുകൾക്കൊപ്പം ഇവ ഉപയോഗിക്കാനാകും.
ഇന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തി റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള യൂറോപ്യൻ ശ്രമങ്ങൾ വീണ്ടും തകൃതി. ചില രാഷ്ട്രങ്ങളുടെ എതിർപ്പുമൂലം നീണ്ടുപോകുന്ന ഉപരോധ നീക്കങ്ങൾക്ക് വേഗംനൽകാൻ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച വീണ്ടും യൂറോപ്യൻ യൂനിയൻ അംഗങ്ങൾ യോഗം ചേർന്നത്. ഒരു മാസത്തിലേറെയായി നടക്കുന്ന ചർച്ചകൾ ഹംഗറി ഉൾപ്പെടെ രാജ്യങ്ങളുടെ എതിർപ്പിൽ തട്ടിയാണ് പാതിവഴിയിൽ നിൽക്കുന്നത്. അതിൽ കാര്യമായ പുരോഗതിക്ക് സാധ്യതയില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.