കിയവ്: യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ യുക്രെയ്ൻ ആണവ വികിരണമുണ്ടാക്കുന്ന 'ഡേർട്ടി ബോംബ്' ഉപയോഗിക്കാൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് യു.എൻ ആണവോർജ ഏജൻസി (ഐ.എ.ഇ.എ) വിദഗ്ധർ യുക്രെയ്നിലെ രണ്ടിടത്ത് പരിശോധന നടത്തി. റഷ്യ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും ഇതിൽ അന്വേഷണം വേണമെന്നും കിയവ് തന്നെയാണ് ആവശ്യപ്പെട്ടത്.
സെലൻസ്കി ഭരണകൂടം ഇത്തരം ബോംബുകൾ നിർമിക്കാൻ യുക്രെയ്ൻ ആണവ ഗവേഷണ കേന്ദ്രത്തോടും ഖനന കമ്പനിയോടും ആവശ്യപ്പെട്ടെന്ന് റഷ്യയുടെ യു.എൻ അംബാസഡർ വാസ്സിലി നെബെൻസ്യ ആരോപിച്ചിരുന്നു. എന്നാൽ, മോസ്കോയുടെ ആരോപണം പച്ചക്കള്ളമാണെന്ന നിലപാടാണ് പടിഞ്ഞാറൻ രാജ്യങ്ങൾ സ്വീകരിച്ചത്.
അന്വേഷണം നടക്കുന്ന കേന്ദ്രങ്ങൾ ഐ.എ.ഇ.എയുടെ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്നവയാണെന്ന് യു.എൻ ഏജൻസി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം രണ്ടു കേന്ദ്രങ്ങളിലൊന്ന് പരിശോധിച്ചതാണ്. അവിടെ, കണക്കിൽപെടുത്താത്ത ഏതെങ്കിലും ആണവ നിർമാണ പ്രവർത്തനമുള്ളതായി കണ്ടിട്ടില്ല -അവർ തുടർന്നു.
അതിനിടെ, കഴിഞ്ഞ ദിവസവും കനത്ത ആക്രമണമാണ് റഷ്യ യുക്രെയ്നിൽ നടത്തിയത്. കിഴക്കൻ ഡോണസ്ക് മേഖലയിൽ നടത്തിയ ആക്രമണത്തിൽ റെയിൽവെ ട്രാക് തകർന്നു. വൈദ്യുതി വിതരണ സംവിധാനം തകരാറിലായി.
പലയിടത്തും മൊബൈൽ ഫോൺ സേവനത്തെയും ബാധിച്ചു. യുക്രെയ്ൻ സൈന്യത്തിന്റെ കേന്ദ്ര ഓഫിസ് പ്രവർത്തിക്കുന്ന ക്രാമറ്റോർസ്കിൽ മിസൈൽ പതിച്ചു.ഡോണസ്കിൽ മൂന്ന് സിവിലിയൻമാർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു.
പലയിടത്തും വൈദ്യുതിവിതരണ സംവിധാനം തകർന്നതിനാൽ, വരുന്ന ശൈത്യകാലത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് യുക്രെയ്ൻ ജനത. വിവിധ മേഖലകളിൽ ഇതിനകം പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ജലവിതരണ ശൃംഖലയും ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്.
ആണവമേഖലയുമായി ബന്ധമുണ്ടെങ്കിലും ഡേർട്ടി ബോംബ് പൂർണ ആണവായുധം അല്ല. സ്ഫോടക വസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള വസ്തുക്കൾ കലർത്തിയാണ് ഇത് നിർമിക്കുന്നത്. അതിനാൽ, ഈ ബോംബ് പൊട്ടിത്തെറിക്കുമ്പോൾ ആണവ വികിരണശേഷിയുള്ള വസ്തുക്കളും വ്യാപിക്കും.
സ്ഫോടനത്തിൽ അധികം ആൾ നാശമുണ്ടാകില്ലെങ്കിലും ബോംബ് പൊട്ടിയ പ്രദേശം ആണവ മാലിന്യമുള്ള ഇടങ്ങളായി മാറും. ഫലത്തിൽ, ആണവ വികിരണമുണ്ടാകുമ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ഈ ബോംബിന്റെ പ്രയോഗം ഉണ്ടാകുന്ന ഇടങ്ങളിലും വേണ്ടിവരും. സ്ഫോടക വസ്തുക്കളുടെ (ആണവവികിരണമുണ്ടാക്കുന്ന പൗഡറും ചെറുതരിയും മറ്റുമുള്ള) ഒരു മിശ്രണം ആണ് ഡേർട്ടി ബോംബിലുള്ളത്.
ആണവ ബോംബ് സ്ഫോടനമുണ്ടാകുമ്പോൾ കണികകൾ വിഘടിക്കുകയും വലിയ തോതിൽ ഊർജം ബഹിർഗമിക്കുകയും ചെയ്യുന്നു. ഭീമാകാരമായ കൂൺ പോലുള്ള ആണവ മേഘം ദൃശ്യമാകുന്നു. ഇതൊന്നും ഡേർട്ടി ബോംബ് സ്ഫോടനത്തിൽ സംഭവിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.