മോസ്കോ: ഉത്തര കൊറിയയിൽ സന്ദർശനത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സന്ദർശനത്തിന്‍റെ ഭാഗമായി പുടിൻ ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന് നൽകിയ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യൻ വാർത്ത ഏജൻസി ടാസ്സ്. റഷ്യൻ നിർമിത ഓറസ് ലിമോസിൻ കാർ, ടീ സെറ്റ്, വാൾ എന്നിവയാണ് പുടിന്‍റെ സമ്മാനം. പ്യോങ്‌യാങ്ങിലുള്ള പുടിന് കൊറിയൻ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന വിവിധ കലാസൃഷ്ടികളാണ് കിങ് ജോങ് ഉൻ സമ്മാനമായി നൽകിയത്.
കാറുകളോ മറ്റ് ആഢംബര വസ്തുക്കളോ ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഉത്തര കൊറിയ. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റ് പുടിന്റെ ക്ഷണം സ്വീകരിച്ച് കിം ജോങ് ഉന്‍ റഷ്യ സന്ദർശിച്ചിരുന്നു. അന്ന് ഓറസ് സെനറ്റ് ലിമോസിൻ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അന്നു തന്നെ കിം ജോങ് ഉന്നിന് വാഹനം ഇഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ലിമോസിൻ കാർ പുടിൻ കിം ജോങ് ഉന്നിന് സമ്മാനിച്ചിരുന്നു. തന്‍റെ ഉത്തര കൊറിയൻ സന്ദർശനത്തിൽ രണ്ടാമത്തെ ലിമോസിൻ കാർ സമ്മാനമായി നൽകാൻ പുടിൻ തീരുമാനിക്കുകയായിരുന്നു. കിമ്മിനൊപ്പം പുടിൻ കാറിൽ ടെസ്റ്റ് ഡ്രൈവ് നടത്തിയതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുറത്തുനിന്ന് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്നതിന് കരാറിലെത്താൻ സന്ദർശനത്തിനിടെ പുടിനും കിങ് ജോങ് ഉന്നും ധാരണയായിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പൂർണമായി പിന്തുണക്കുന്നുവെന്ന് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ പറഞ്ഞു.
24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ സന്ദർശിച്ച പുടിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടുത്ത ഘട്ടം മോസ്കോയിൽ നടക്കുമെന്നും പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.