ജറുസലേം: ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, ഇസ്രായേൽ സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്ന ഇസ്രായേലി പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട് ശരിവെക്കുന്നത് ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അൽ അറൂറി പറഞ്ഞ അതേകാര്യങ്ങൾ. 'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നുമായിരുന്നു സാലിഹ് അറൂറി വെളിപ്പെടുത്തിയിരുന്നത്. പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ബന്ദികളാക്കുകയാണെങ്കിൽ അവരുടെ ജീവന്‍പോലും കണക്കിലെടുക്കാതെ പ്രതിയോഗികളെ ആക്രമിക്കാന്‍ അനുമതി നൽകുന്നതാണ് ഹാനിബാള്‍ ഡയറക്ടീവ്.
യെദിയോത് അഹറോനോത്ത് എന്ന പത്രം നടത്തിയ അന്വേഷണത്തിലാണ് ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്നാണ് സാലിഹ് അറൂറി പറഞ്ഞിരുന്നത്. ഹീബ്രു അവധിദിനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ ഇസ്രായേലിന്റെ ഗസ്സ അധിനിവേശ സൈനികര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് 1,200 അംഗങ്ങള്‍ പങ്കെടുത്ത ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നില്ലെന്ന് പറഞ്ഞ അറൂറി എന്നാല്‍, ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ പൗരന്മാരെയും വധിക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
‘ഹമാസിന് തടവില്‍ കഴിയുന്നവരെയോ സാധാരണക്കാരെയോ ദ്രോഹിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കനുസരിച്ചാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കരുതെന്നാണ് അല്‍ ഖസ്സാമിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് അബു ഖാലിദ് അല്‍ ദെയ്ഫിന്റെ നിര്‍ദേശം. മനുഷ്യരാശിക്കെതിരായി ആക്രമണം നടത്തുന്നുവെന്ന് പാശ്ചാത്യര്‍ ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നു, എന്നാല്‍ ഞങ്ങള്‍ക്കെതിരെയുള്ള യുദ്ധം സാധാരണക്കാരെയടക്കം ലക്ഷ്യമിട്ടുള്ളതാണ്. തദ്ദേശീയരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അവിടെ രാജ്യംസ്ഥാപിക്കുകയും അണുബോംബ് വര്‍ഷിക്കുകയും ചെയ്ത അമേരിക്കക്കാരാണ് ഇപ്പോള്‍ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നത്’ -എന്നിങ്ങനെയായിരുന്നു സാലിഹ് അറൂറി അന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.