ടോക്യോ: ജപ്പാനിൽ എൽ.ജി.ബി.ടി.ക്യു വിഭാഗത്തിന് തിരിച്ചടിയായി, സ്വവർഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് വിധിച്ച് ഒസാക്ക ജില്ല കോടതി. ഇതിനെതിരെ മൂന്ന് സ്വവർഗ ദമ്പതികൾ കൊടുത്ത ഹരജി ഒസാക്ക ജില്ല കോടതി നിരാകരിക്കുകയും 5,77,717 രൂപ ഓരോരുത്തർക്കും പിഴയിടുകയും ചെയ്തു.
വിവാഹം എന്നത് 'ഇരു ലിംഗത്തിലുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കേണ്ടത്' എന്നാണ് ജപ്പാൻ ഭരണഘടന നിർവചിച്ചിരിക്കുന്നത്. സ്വവർഗ വിവാഹം ജപ്പാൻ നിയമപരമായി വിലക്കുകയും പങ്കാളിയുടെ സ്വത്തിന് അവകാശവും പങ്കാളിക്ക് കുട്ടിയുണ്ടെങ്കിൽ അതിന്‍റെ രക്ഷകർതൃ ചുമതല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ചില മുനിസിപ്പാലിറ്റികൾ മാത്രമാണ് ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഇത് ഒരുമിച്ച് താമസിക്കുവാനും ആശുപത്രികളിൽ ലഭിക്കേണ്ട അവകാശങ്ങൾ കിട്ടുന്നതിനും ഇത് പ്രയോജനപ്പെടുമെങ്കിലും ഭിന്നലിംഗ ദമ്പതികൾ അനുഭവിക്കുന്ന മുഴുവൻ നിയമപരമായ അവകാശങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
കോടതി വിധിയോടുള്ള അതൃപ്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സ്വവർഗ വിവാഹം എന്ന ആശയത്തിൽ സർക്കാർ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ 70 ശതമാനം ജനങ്ങളും അനുകൂലിക്കുകയാണ് ചെയ്തത്.
എന്നാൽ കഴിഞ്ഞയാഴ്ച തലസ്ഥാനമായ ടോക്യോയിൽ സ്വവർഗാനുരാഗികളുടെ പങ്കാളിത്ത അവകാശങ്ങൾ അനുകൂലിച്ച് സർക്കാർ ബില്ല് പാസാക്കിയത് ഒസാക്ക കേസിലെ ആക്ടിവിസ്റ്റുകളുടെയും അഭിഭാഷകരുടെയും പ്രതീക്ഷ വർദ്ധിപ്പിച്ചിരുന്നു. 2021ൽ സ്വവർഗ വിവാഹത്തിന് സപ്പോരൊ കോടതിയിലും അനുകൂല വിധി വന്നിരുന്നു.
ഏഷ്യയിൽ മുൻ നിര രാജ്യങ്ങളിലൊന്നായി ജപ്പാൻ വളരുവാൻ സ്വവർഗാനുരാഗം നിയമപരമായി അംഗീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് 'മാരെജ് ഫോർ ഓൾ ജപ്പാൻ' എന്ന സംഘടന പ്രവർത്തക മാസ യാനഗിസാവ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.