ഗസ്സ: ഗസ്സ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ട്. രണ്ടു സൈനിക താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങളുള്ളതായി അൽജസീറ റിപ്പോർട്ട് പറയുന്നു. വടക്കൻ അതിർത്തിയോട് ചേർന്ന് 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികെ 700 വാഹനങ്ങളുമാണുള്ളത്.
ഗസ്സയിലുടനീളം ഇസ്രായേൽ വീടുകൾ നശിപ്പിച്ചതോടെ അഭയമില്ലാതായ 14 ലക്ഷത്തിലേറെ ഫലസ്തീനികളാണ് തമ്പുകളിലും മറ്റുമായി റഫയിൽ തിങ്ങിക്കഴിയുന്നത്. ഇവിടെ കരയാക്രമണത്തിന് ഇസ്രായേൽ സേനാവിന്യാസം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റഫയിൽ കരയാക്രമണം നടത്തിയാൽ മനുഷ്യദുരന്തമാകുമെന്ന് ലോകമൊന്നടങ്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവിടെയുള്ള സാധാരണക്കാർ കൂട്ടമായി വംശഹത്യക്കിരയാകുമെന്ന ആശങ്കയാണ് എല്ലാവരെയും മുൾമുനയിൽ നിർത്തുന്നത്. എന്നാൽ, പിൻവാങ്ങാനില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടക്കുരുതിക്ക് അവസാനവട്ട ഒരുക്കങ്ങൾ അതിവേഗം നടക്കുന്നത്.
ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഗസ്സക്ക് പുറത്തായി ഒമ്പത് സൈനിക പോസ്റ്റുകൾ ഇസ്രായേൽ തയാറാക്കിയിട്ടുണ്ട്. മൂന്നെണ്ണം കഴിഞ്ഞ വർഷാവസാനവും അവശേഷിച്ച ആറെണ്ണം ജനുവരി- മാർച്ച് മാസങ്ങളിലുമാണ്. ഗസ്സയിൽ ഉടനൊന്നും സൈനിക നീക്കം അവസാനിപ്പിക്കൽ ഇസ്രായേൽ പരിഗണനയിലില്ലെന്ന സൂചന നൽകുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
ഇസ്രായേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് പാസാക്കിയിരുന്നു. രണ്ടു ലക്ഷം കോടി രൂപയിലേറെ വിലവരുന്ന ആയുധങ്ങളും അനുബന്ധ സൗകര്യങ്ങളും പുതുതായി യു.എസ് വക എത്തുന്നത് ഗസ്സയെ കൂടുതൽ ചാരമാക്കാൻ സഹായിക്കുമെന്നുറപ്പ്. ഒരുവശത്തുകൂടി ഇസ്രായേലിന് ആയുധം കൈമാറി കൂട്ടക്കൊലക്ക് സർവപിന്തുണയും നൽകുന്ന അമേരിക്ക, റഫ ആക്രമിക്കുന്നതിനെതിരെ വാചോടാപവുമായി രംഗത്തുണ്ട്.
ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 18ന് യു.എസ്- ഇസ്രായേൽ ഉദ്യോഗസ്ഥ നേതൃത്വം തമ്മിൽ കണ്ടിരുന്നു. സൈനിക നീക്കത്തിന് യു.എസ് പിന്തുണ പ്രഖ്യാപിച്ചതായി ഇതിനു പിന്നാലെ വാർത്തകളും വന്നു.
സിറിയയിൽ കോൺസുലേറ്റ് തകർത്തതിന് മറുപടിയായി ഇസ്രായേലിൽ ഇറാൻ ആക്രമണവും അതിന് പ്രതികാരമായി ഇറാനിൽ ഇസ്രായേൽ ആക്രമണവും നടന്നത് അവസരമാക്കിയാണ് റഫയിൽ കുരുതിക്ക് ഇസ്രായേൽ ഒരുങ്ങുന്നത്.
അതിനിടെ, ഗസ്സയിൽ റഫയോടുചേർന്ന് പുതുതായി നിരവധി ടെന്റ് ക്യാമ്പുകൾ നിർമിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇത് റഫ ആക്രമണം മുന്നിൽ കണ്ടാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, നിലവിൽ ആശുപത്രിയിൽ അഭയം പ്രാപിച്ചിരിക്കുന്ന ആളുകളെ പാർപ്പിക്കുന്നതിനാണ് ടെന്റ് ക്യാമ്പ് സ്ഥാപിക്കുന്നതെന്നും റഫ ആക്രമണവുമായി ബന്ധമില്ലെന്നും ഫലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.