ജൊഹാനസ്ബർഗ്: ആറു രാജ്യങ്ങളെകൂടി ഉൾപ്പെടുത്തി ‘ബ്രിക്സ്’ കൂട്ടായ്മ വിപുലീകരിച്ചു. അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവയാണ് പുതിയ അംഗരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടക്കുന്ന ‘ബ്രിക്സ്’ വാർഷിക ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ എന്നിവരുടെ സാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കക്കാണ് നിലവിൽ ‘ബ്രിക്സ്’ അധ്യക്ഷസ്ഥാനം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങൾ. പുതിയ അംഗരാജ്യങ്ങളെ ഉൾപ്പെടുത്തിയത് 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ‘ബ്രിക്സ്’ കൂട്ടായ്മ വിപുലപ്പെടുത്താൻ നേരത്തെതന്നെ ചർച്ച നടക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ കൂട്ടിച്ചേർത്തു.
‘ബ്രിക്സ്’ കൂട്ടായ്മ വിശാലമാക്കുന്നതിനെ ഇന്ത്യ എന്നും പിന്തുണച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനെ ചൈന പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ സ്വാഗതംചെയ്തു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര നീതിന്യായ കോടതിയുടെ അറസ്റ്റ്വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഓൺലൈനിലാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
2006 സെപ്റ്റംബറിലാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ‘ബ്രിക്’ എന്ന പേരിൽ രൂപവത്കരിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കക്കുകൂടി അംഗത്വം നൽകി ‘ബ്രിക്സ്’ എന്ന് പുനർനാമകരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.