തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നു...; ബൈഡന്‍റെ ഇസ്രായേൽ പിന്തുണയിൽ പ്രതിഷേധിച്ച് യു.എസിൽ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു

ന്യൂയോർക്ക്: ഇസ്രായേലിനുള്ള ജോ ബൈഡന്‍റെ ഏകപക്ഷീയ പിന്തുണയിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. ബൈഡൻ ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടർ പദവി വഹിച്ചിരുന്ന ജോഷ് പോൾ രാജിവെച്ചത്.

ഇസ്രായേലിന് തുടർച്ചയായി നൽകുന്ന പിന്തുണയിലും സഹായത്തിലും ജോഷ് ആശങ്ക പ്രകടിപ്പിച്ചു. ‘കഴിഞ്ഞ പതിറ്റാണ്ടുകളിൽ നമ്മൾ ചെയ്ത അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നതായി ഞാൻ ഭയപ്പെടുന്നു, ഇനിയും അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ -ജോഷ് പോൾ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ബുധനാഴ്ച തെൽ അവീവിലെത്തിയ ബൈഡൻ ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുദ്ധത്തിനിടെ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്‍റാണ് ബൈഡൻ. സഖ്യ രാജ്യങ്ങൾക്കുള്ള ആയുധ കൈമാറ്റ വകുപ്പിലാണ് ജോഷ് കഴിഞ്ഞ 11 വർഷമായി ജോലി ചെയ്യുന്നത്. കൂടുതൽ ആയുധങ്ങൾ ഒരു വശത്തേക്ക് മാത്രം നൽകുന്ന നടപടിയെ ഇനിയും പിന്തുണക്കാനാകില്ലെന്നും ആരു നടത്തിയാലും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങൾ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജോഷ് കൂട്ടിച്ചേർത്തു.

വർഷത്തിൽ 3.8 ബില്യൺ ഡോളറിന്‍റെ സൈനിക സഹായമാണ് ഇസ്രായേലിന് യു.എസ് നൽകുന്നത്. അൽ അഹ്‍ലി ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിനെ പരസ്യമായി ന്യായീകരിച്ച ബൈഡന്‍റെ നടപടിയിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തമാണ്. ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ ദുഃഖിതനും രോഷാകുലനുമാണെന്ന് പറഞ്ഞ ബൈഡൻ, ഇത് നിങ്ങളല്ല മറ്റൊരു സംഘമാണ് ചെയ്തതെന്ന് തോന്നുന്നുവെന്നാണ് പ്രതികരിച്ചത്.

അമേരിക്ക ആർക്കൊപ്പമാണെന്ന് ലോകത്തിന് വ്യക്തമാകാനാണ് ഇപ്പോഴത്തെ തന്റെ സന്ദർശനം. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. ഇസ്രായേലികളുടെ ധൈര്യവും പ്രതിബദ്ധതയും അതിശയകരമാണെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ പിന്തുണക്ക് നെതന്യാഹു ബൈഡനോട് നന്ദി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Senior US official resigns over ‘lethal assistance to Israel’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.