പലേർമോ (സിസിലി): ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റിൽ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ കാണാതായി. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു വയസുള്ള കുട്ടിയടക്കം എട്ടു പേരെ രക്ഷപ്പെടുത്തി.
ഒരു ജീവനക്കാരനെയും ആറ് യാത്രികരെയുമാണ് കാണാതായത്. ഇവർ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാരാണ്. രക്ഷപ്പെടുത്തിയവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിസിലിയൻ തലസ്ഥാനമായ പലേർമോയുടെ തീരത്താണ് ചുഴലിക്കാറ്റിൽപ്പെട്ട് ആഡംബര നൗക കടലിൽ മുങ്ങിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് രജിസ്ട്രേഷനുള്ള 184 അടി (56 മീറ്റർ) നീളമുള്ള നൗകയാണ് അപകടത്തിൽപ്പെട്ടത്.
ആഗസ്റ്റ് 14ന് സിസിലിയൻ തുറമുഖമായ മിലാസ്സോയിൽ നിന്ന് സഞ്ചാരം ആരംഭിച്ച നൗകയെ 18ന് പലേർമോയുടെ കിഴക്ക് ഭാഗത്താണ് അവസാനമായി ട്രാക്ക് ചെയ്തത്. ഈ സമയത്ത് നൗക നങ്കൂരമിട്ട നിലയിലായിരുന്നു.
2008ൽ ഇറ്റാലിയൻ കപ്പൽ നിർമാതാക്കളായ പെരിനി നിർമിച്ചതാണ് 'ബയേസിയൻ' എന്ന ആഡംബര നൗക. 15 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന നൗകയിൽ 12 അതിഥികൾക്കും പത്തിലധികം ജീവനക്കാർക്കും സഞ്ചരിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.