ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യും മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രക്ഷോഭകർ തന്റെ വീട്ടുപടിക്കൽ എത്തിയതോടെ എത്രയും പെട്ടെന്ന് രാജ്യം വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ ആ പ്രസംഗം നടന്നില്ല. പ്രസംഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹസീന അവാമിലീഗിലെ അടുത്ത അനുയായികൾക്ക് അയച്ച കത്തിലാണ് പ്രസംഗത്തെ കുറിച്ച് സൂചനയുള്ളത്. സംവരണത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിലാണ് ഹസീന രാജിവെക്കേണ്ടിവന്നത്. ഇന്ത്യയിലാണിപ്പോൾ ഹസീനയുള്ളത്.
രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന കത്തിൽ സൂചിപ്പിച്ചിരുന്നു.
'മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചത്. വിദ്യാർഥികളുടെ മൃതദേഹത്തിന് മുകളിൽ ഞാൻ അധികാരത്തിലിരിക്കാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ ഞാൻ അനുവദിച്ചില്ല. പ്രധാനമന്ത്രിപദം രാജിവെച്ചു. എനിക്ക് വേണമെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു.സെന്റ് മാർട്ടിൻ ദ്വീപുകൾ വിട്ടുനൽകി ബംഗാൾ ഉൾക്കടലിന്റെ അധികാരം പിടിച്ചെടുക്കാൻ യു.എസിനെ അനുവദിച്ചിരുന്നുവെങ്കിൽ തനിക്ക് ഈ സ്ഥാനത്ത് തുടരാമായിരുന്നു. എന്നാൽ ഞാൻ തുടർന്നിരുന്നുവെങ്കിൽ കൂടുതൽ ജീവൻ നഷ്ടമാകുമായിരുന്നു.''-എന്നാണ് ഹസീന പറയുന്നത്. കനത്ത തിരിച്ചടികൾക്കിടയിലും അവാമി ലീഗ് തിരിച്ചുവരുന്ന കാര്യവും ഹസീന ഓർമപ്പെടുത്തി. ഇപ്പോൾ ഞാൻ തോറ്റിരിക്കാം. എന്നാൽ ഉറപ്പായും മടങ്ങിവരും -എന്നും ഹസീന പറയുന്നുണ്ട്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ 300ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
ഹസീനയുടെ കാലത്ത് ബംഗ്ലാദേശും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ജനുവരിയിൽ ഹസീന അധികാരത്തിൽ തിരിച്ചെത്തിയത് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടാണെന്ന് യു.എസ് ആരോപിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനെയും യു.എസ് വിമർശിച്ചിരുന്നു. തന്റെ സർക്കാരിനെ താഴെയിറക്കാൻ യു.എസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗ്ലാദേശിൽ വ്യോമതാവളം നിർമിക്കാൻ ഒരു പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നുവെന്നും ഹസീന മുമ്പ് ആരോപിച്ചിരുന്നു. ശൈഖ് ഹസീന രാജിവെച്ചതോടെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.