ടോക്യോ: ജപ്പാനിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. അദ്ദേഹത്തിന്റെ വിദേശ നയവും 'അബെനോമിക്സ്' എന്നറിയപ്പെടുന്ന സാമ്പത്തിക തന്ത്രവും ഏറെ പ്രശസ്തമായിരുന്നു. 67കാരനായ ആബെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ (എൽ.ഡി.പി) രണ്ടുതവണ വിജയത്തിലേക്ക് നയിച്ചു. 2006ൽ തുടങ്ങി ഒരു വർഷംനീണ്ടു ആദ്യ കാലയളവ്. എന്നാൽ 2012ൽ തിരിച്ചുവരവ് നടത്തി. 2020 വരെ അധികാരത്തിൽ തുടർന്ന അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചു. ആബെയുടെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങൾ:
സെപ്റ്റംബർ 21, 1954: ജപ്പാന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ഷിൻടാരോ ആബെയുടെ മകനും മുൻ പ്രധാനമന്ത്രി നോബുസുകെ കിഷിയുടെ ചെറുമകനുമായി ടോക്യോയിൽ ജനനം.
1977: ടോക്യോയിലെ സെയ്കെയ് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. സതേൺ കാലിഫോർണിയ സർവകലാശാലയിൽ പബ്ലിക് പോളിസി പഠിക്കാൻ യു.എസിലേക്ക് പോയി.
1979: വിദേശ സാന്നിധ്യം വിപുലപ്പെടുത്തിയ കോബ് സ്റ്റീൽ കമ്പനിയിൽ പ്രവർത്തിക്കാൻ തുടങ്ങി.
1982: വിദേശകാര്യ മന്ത്രാലയത്തിലും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലും പുതിയ സ്ഥാനങ്ങൾ വഹിക്കാൻ കമ്പനി വിട്ടു.
1993: ആദ്യമായി എൽ.ഡി.പി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2005: പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമിയുടെ കീഴിൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായി നിയമിതനായി, ഈ സമയത്ത് ഉത്തര കൊറിയയിലേക്ക് തട്ടിക്കൊണ്ടുപോയ ജാപ്പനീസ് പൗരന്മാരെ തിരികെ കൊണ്ടുവരുന്ന ചർച്ചകൾക്ക് നേതൃത്വം നൽകി. അതേ വർഷം എൽ.ഡി.പിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 26, 2006: ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയായി. പ്രായം കുറഞ്ഞ യുദ്ധാനന്തര പ്രധാനമന്ത്രിയെന്ന നേട്ടത്തിനുടമയായി. സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഉത്തര കൊറിയയോട് കടുത്ത നിലപാട് സ്വീകരിക്കുകയും ദക്ഷിണ കൊറിയയുമായും ചൈനയുമായും ഇടപഴകാൻ ശ്രമിക്കുകയും ചെയ്തു.
2007: 52 വർഷത്തിനിടെ ആദ്യമായി എൽ.ഡി.പി പിന്തള്ളപ്പെട്ട തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന്, ആരോഗ്യ കാരണങ്ങളാൽ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. വൻകുടൽ പുണ്ണ് ബാധിച്ചിട്ടുണ്ടെങ്കിലും മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിഞ്ഞു.
2012: വീണ്ടും എൽ.ഡി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ആബെ രണ്ടാം തവണയും പ്രധാനമന്ത്രിയായി.
2013: വളർച്ചയെ ഉത്തേജിപ്പിക്കാൻ 'അബെനോമിക്സ്' നയങ്ങൾ അവതരിപ്പിച്ചു. എളുപ്പത്തിൽ വായ്പ നൽകലും ഘടനാപരമായ പരിഷ്കാരങ്ങളും അവതരിപ്പിച്ചു. ബെയ്ജിങ്ങിൽ അപെക് ഉച്ചകോടിയിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് ബന്ധം മെച്ചപ്പെടാൻ തുടങ്ങി.
2014-2020: എൽ.ഡി.പി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായി രണ്ട് തവണ കൂടി സേവനമനുഷ്ഠിച്ചു, ഈ സമയത്ത് അദ്ദേഹം അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധം മെച്ചപ്പെടുത്തുകയും ഉച്ചകോടികൾ നടത്തുകയും ചെയ്തു
ആഗസ്റ്റ് 28, 2020: വൻകുടൽ പുണ്ണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആരോഗ്യ കാരണങ്ങളാൽ വീണ്ടും പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു.
ജൂലൈ 8, 2022: നാര നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.