ബർലിൻ: പടിഞ്ഞാറൻ ജർമനിയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 42പേർ മരിച്ചു. നിരവധി പേരെ കാണാതായി. നോർത് റൈൻ വെസ്റ്റ്ഫാലിയ,റിൻലാൻഡ്-പലത്തിനേറ്റ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണം. രണ്ടു ദിവസമായി കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് നാശം വിതക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു. പുഴയുടെ തീരത്തുള്ള വീടുകളാണ് ദുരന്തത്തിനിരയായത്. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. മേഖലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻറർനെറ്റ്,ഫോൺ കണക്ഷനുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്കിർഷെനിൽ മാത്രം എട്ടുമരണമുണ്ട്. കോബ്ലെൻസ് നഗരത്തിൽ നാലും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മരണപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രക്ഷതേടി വീടുകളുടെ ടെറസിൽ കയറിയ 50 തോളം പേർ കുടുങ്ങിക്കിടക്കുകയാണ്. റൈൻ സീഗ് പ്രവിശ്യയിൽ സ്റ്റെയിൻബാഷൽ അണക്കെട്ട് തകരാനുള്ള സാധ്യത മുൻനിർത്തി സമീപപ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.ദുരന്തത്തിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താനായി സൈന്യം ഹെലികോപ്ടറുമായി രംഗത്തിറങ്ങി. വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾ അടച്ചു.
അയൽരാജ്യങ്ങളായ ബെൽജിയത്തിലും നെതർലൻഡ്സിലും മഴ നാശം വിതച്ചിട്ടുണ്ട്. ബെൽജിയത്തിൽ ആറുപേർ മരിച്ചു. പടിഞ്ഞാറൻ യൂറോപ്പിെൻറ പലയിടത്തും ശക്തമായ മഴയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
വടക്കുകിഴക്കൻ തുർക്കിയിെല കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആറുപേർ മരിച്ചു. രണ്ടുപേരെ കാണാതായെന്നും തുർക്കി ആരോഗ്യമന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.