ലുബ്ലിജാന: സ്വതന്ത്ര-പരമാധികാര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് സ്ലോവേനിയയും. പാർലമെന്റിലെ വോട്ടെടുപ്പിനൊടുവിലാണ് സ്ലോവേനിയ ഫലസ്തീനെ അംഗീകരിച്ചത്. ഇതോടെ യുറോപ്പിൽ നിന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി സ്ലോവേനിയ മാറി.
നേരത്തെ സ്പെയിൻ, നോർവെ, അയർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചിരുന്നു. സ്ലോവേനിയൻ പ്രധാനമന്ത്രി റോബർട്ട് ഗോലുബ് 1967ലെ അതിർത്തികൾ മുൻനിർത്തി സ്വതന്ത്ര ഫലസ്തീനെ തന്റെ രാജ്യവും അംഗീകരിക്കാൻ പോവുകയാണെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിൽ വോട്ടെടുപ്പ് നടന്നതും സ്ലോവേനിയ ഫലസ്തീനെ അംഗീകരിച്ചതും.
നിലവിൽ 148 രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യു.എന്നിലെ മൂന്നിൽ രണ്ട് രാജ്യങ്ങളും ഇപ്പോൾ ഫലസ്തീനെ അംഗീകരിക്കുന്നുണ്ട്. 1967ലെ അതിർത്തികൾ മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്. മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടു വരാൻ സ്വതന്ത്ര ഫലസ്തീന് കഴിയുമെന്നും സാഞ്ചസ് പറഞ്ഞിരുന്നു.
അതേസമയം, ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും കനത്ത വ്യോമാക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടിട്ടും ഗസ്സയിൽ വെടിനിർത്തലിനില്ലെന്ന കടുത്ത നിലപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തുടരുകയാണ്.
രാജ്യത്തിനകത്തും പുറത്തും കനത്ത സമ്മർദം ഉയർന്നിട്ടും ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും ശാശ്വതമായി വെടിനിർത്തില്ലെന്നുമാണ് നെതന്യാഹു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരിക്കുന്നത്.
250ഓളം പേരെയാണ് ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇതിൽ നിരവധി പേരെ താൽക്കാലിക വെടിനിർത്തലിനിടെ വിട്ടയച്ചെങ്കിലും 120ഓളം പേർ ഹമാസ് പിടിയിൽ തന്നെ തുടരുകയാണ്. ഇവരിൽ 43 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.