ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു

സോൾ: രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുകയും പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾക്കകം പിൻവലിക്കുകയും ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ദേശീയ അസംബ്ലിയിൽ 85 നെതിരെ 204 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ പ്രസിഡന്റിന്റെ അധികാരം താൽക്കാലികമായി റദ്ദായി. അധികാരങ്ങൾ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ഏറ്റെടുത്തു.

യൂനിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്നകാര്യത്തിൽ ഭരണഘടനാ കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. 180 ദിവസത്തിനകം കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടാൽ, പുതിയ ​പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. രണ്ടാം തവണയാണ് ഇംപീച്ച്മെന്റ് ദേശീയ അസംബ്ലിയിൽ ചർച്ചക്കെടുത്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ചർച്ച ഭരണകക്ഷി ബഹിഷ്‍കരിച്ചിരുന്നു.

​പ്രസിഡന്റിനെതിരെ ജനരോഷം ശക്തമായതോടെ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഭരണകക്ഷി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. അതിനിടെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാർലമെന്റിനുസമീപം രണ്ടുലക്ഷത്തോളംപേർ തടിച്ചുകൂടി. യൂനിനെ അനുകൂലിച്ചും പ്രകടനം നടന്നു.  

Tags:    
News Summary - South Korea Impeaches President Yoon Suk Yeol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.