ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞങ്ങളെ വെറുപ്പിനെ കുറിച്ച് പഠിപ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ത്രിഭാഷ നയത്തിലും മണ്ഡല പുനർനിർണയത്തിലും തമിഴ്നാടിന്റെ നിലപാടുകളെ വിമർശിച്ച് യോഗി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സ്റ്റാലിന്റെ വിമർശനം. ഏറ്റവും വലിയ തമാശയാണ് യോഗിയുടെ പരാമർശമെന്നും സ്റ്റാലിൻ പറഞ്ഞു.
എക്സിലെ പോസ്റ്റിലാണ് സ്റ്റാലിൻ യോഗിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ദ്വിഭാഷ നയത്തിലും മണ്ഡലപുനർനിർണയത്തിലും തമിഴ്നാടിന് ശക്തമായ നിലപാടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ ഈ രണ്ട് നയങ്ങളിലെ നിലപാടിനും രാജ്യത്ത് നിന്ന് ആകമാനം വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിൽ അസ്വസ്ഥരാവുന്നവരാണ് തമിഴ്നാടിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തമിഴ്നാട് ഭാഷയുടേയും പ്രദേശത്തിന്റേയും പേരിൽ വിഭജനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയാണ് സ്റ്റാലിൻ വിമർശനം ഉന്നയിച്ചതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
ഹിന്ദിയെ പ്രധാനഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ദീർഘകാലമായി ഡി.എം.കെ പ്രതിഷേധത്തിലാണ്. മണ്ഡലപുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്റ്റാലിൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.