ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പൊലീസ് വാഹനത്തിന് നേരെ നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ക്വറ്റയിലെ ബാരെക് മാർക്കറ്റിൽ വ്യാഴാഴ്ചയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് സർജൻ ഡോ. ആയിഷ ഫൈസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാളും പരിക്കേറ്റവരിൽ നാലുപേരും പൊലീസ് ഉദ്യോഗസ്ഥരാണെന്നും അവർ പറഞ്ഞു.
അതേസമയം, രണ്ടു മരണങ്ങൾ മാത്രമാണ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത്. സ്ഫോടക വസ്തു ഒളിപ്പിച്ച ബൈക്ക് പൊലീസ് വാഹനത്തിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, വ്യാഴാഴ്ച ബലൂചിസ്താൻ പ്രവിശ്യയിൽ പഞ്ചാബിൽനിന്നുള്ള ആറുപേരെ ബസിൽനിന്ന് ഇറക്കിവിട്ട ശേഷം കലാപകാരികൾ വെടിവെച്ച് കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച രാത്രി ഒർമാര ഹൈവേയിലെ ഗ്വാദറിൽനിന്ന് കറാച്ചിയിലേക്ക് പോകുന്ന ബസ് യാത്രക്കാരെയാണ് കൊലപ്പെടുത്തിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഹഫീസ് ബലൂച് അറിയിച്ചു.
ജഅ്ഫർ എക്സ്പ്രസ് സർവിസ് പുനരാരംഭിച്ചു
പെഷാവർ: പാകിസ്താനിൽ തീവ്രവാദികളിൽനിന്ന് മോചിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം ജഅ്ഫർ എക്സ്പ്രസ് ട്രെയിൻ സർവിസ് പുനരാരംഭിച്ചു. വ്യാഴാഴ്ച ശക്തമായ സുരക്ഷ നടപടികളോടെയാണ് പെഷാവർ കാന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 280 യാത്രക്കാരുമായി ട്രെയിൻ ക്വറ്റയിലേക്ക് വീണ്ടും പുറപ്പെട്ടത്. ദേശീയ പതാകയും ബലൂണുകളും കൊണ്ട് അലങ്കരിച്ച ട്രെയിൻ പ്രാർഥനക്ക് ശേഷമാണ് പുറപ്പെട്ടത്. ഫെഡറൽ മന്ത്രി അമീർ മുഖാം ചടങ്ങിൽ പങ്കെടുത്തു. ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ചയായിരിക്കും.
മാർച്ച് 11നാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ട്രെയിൻ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. 21 യാത്രക്കാരെയും നാല് സൈനികരെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. മാർച്ച് 12ന് 33 തീവ്രവാദികളെയും കൊന്നൊടുക്കിയാണ് സൈന്യം യാത്രക്കാരെ മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.