സോൾ: ദക്ഷിണ കൊറിയയിൽ ഭരണ പ്രതിസന്ധി മറികടക്കാൻ പട്ടാള ഭരണമേർപ്പെടുത്തിയ പ്രസിഡന്റ് യൂൻ സുക് യൂളിനെ പുറത്താക്കാൻ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം. മണിക്കൂറുകൾ മാത്രം ആയുസ്സുള്ള പട്ടാളഭരണ പ്രഖ്യാപനത്തിനെതിരെ ജനം തെരുവിലിറങ്ങുകയും പ്രതിഷേധം മണത്ത് പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് അടിയന്തര ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
യൂനിനെതിരെ ജനരോഷം ആളിക്കത്തിയതോടെ രാജിതാൽപര്യമറിയിച്ച് യൂനിന്റെ ഉപദേശകരും സെക്രട്ടറിമാരും രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂനിന്റെയടക്കം രാജിക്ക് സമ്മർദവും ശക്തമാണ്. എന്നാൽ, പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെയും ഭരണഘടന ബെഞ്ചിൽ ആറ് ജഡ്ജിമാരുടെയും പിന്തുണയുണ്ടെങ്കിലേ ഇംപീച്ച്മെന്റ് അവസാനഘട്ടവും പൂർത്തിയാക്കി പ്രസിഡന്റിനെ പുറത്താക്കാനാകൂ. പ്രതിപക്ഷത്തിന് ആധിപത്യമുള്ള പാർലമെന്റിൽ ബജറ്റ് പാസാക്കിയെടുക്കൽ പ്രയാസമാകുന്നുവെന്നതടക്കം പ്രശ്നങ്ങൾ നേരിട്ടതോടെയാണ് രാജ്യവിരുദ്ധ ശക്തികളെ അടിച്ചമർത്താനെന്ന പേരിൽ ടെലിവിഷൻ പ്രസംഗം വഴി അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്.
എന്നാൽ, ദേശീയ അസംബ്ലി കൂടി പ്രസിഡന്റിന്റെ തീരുമാനം തള്ളിയതോടെ ആറു മണിക്കൂർ കഴിഞ്ഞ് പ്രാദേശിക സമയം 4.30ഓടെ പട്ടാള ഭരണം പിൻവലിക്കുകയായിരുന്നു. എന്നാൽ, 300 അംഗ പാർലമെന്റിൽ മേൽക്കൈയുള്ള ഡെമോക്രാറ്റിക് പാർട്ടി, ഭരണഘടന ലംഘനം നടത്തിയ യൂൻ സുക് യൂൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ മുഖ്യപ്രതിപക്ഷവും ചെറുകക്ഷികളും ചേർന്നാൽ 192 അംഗങ്ങളുണ്ടാകും.
ഒപ്പം ഭരണകക്ഷിയിലെ ചിലരുടെ പിന്തുണയുമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഒമ്പതംഗങ്ങളുണ്ടാകേണ്ട ഭരണഘടന ബെഞ്ചിൽ നിലവിൽ ആറുപേർ മാത്രമാണുള്ളത്. ഇംപീച്ച്മെന്റിന് അംഗീകാരം നൽകാൻ അടിയന്തരമായി ഒരാളെ നിയമിച്ചേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.