ഇപോഹ് (മലേഷ്യ): 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച മലേഷ്യയിൽ ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും വീടുകളും നശിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച 20 മണിക്കൂറിലധികം നീണ്ടുനിന്ന മഴയാണ് ഇപോഹിലെ അരീന കെപയാങ് പുത്ര പ്രദേശത്ത് കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായത്.
ആറ് ആഡംബര കാറുകൾ ഉൾപ്പെടെ വിവിധ വസ്തുക്കളാണ് വെള്ളപ്പൊക്കത്തിൽ ഒരാൾക്കു മാത്രം നഷ്ടപ്പെട്ടത്. ദാതുക് അമലുദ്ദീൻ മുഹമ്മദ് ഇസ്മായിൽ എന്ന ആളുടെ പോർഷെ, മെഴ്‌സിഡസ് ബെൻസ്, വോൾവോ, ബി.എം.ഡബ്ല്യു, ടൊയോട്ട ആൽഫാർഡ്, ഹോണ്ട സെഡാൻ എന്നീ കാറുകൾ വെള്ളപ്പൊക്കത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം തന്റെ വാഹനങ്ങൾ നീക്കാൻ കഴിയാത്തതിനെ കുറിച്ച് ആഡംബര കാറുകളുടെ ഉടമ ദാതുക് അമലുദ്ദീൻ മുഹമ്മദ് ഇസ്മായിൽ വിവരിച്ചതായി ‘ചൈന പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ചെറിയ വെള്ളപ്പൊക്കം പതിവായതിനാൽ ആദ്യം ആശങ്കപ്പെട്ടിരുന്നില്ല.
എന്നാൽ വെറും 30 മിനിറ്റിനുള്ളിൽ വെള്ളം വീട്ടിലേക്ക് ഇരച്ചുകയറുകയും വാഹനങ്ങൾക്കും ഫർണിച്ചറുകൾക്കും കേടുപാടുകൾ വരുത്തുകയുമായിരുന്നു. സാമ്പത്തിക നഷ്ടത്തിന്റെ മുഴുവൻ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല. 250ഓളം വീടുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഉടമകൾ വാട്ടർ ഗണ്ണുകൾ കൊണ്ടു വന്ന് വൃത്തിയാക്കൽ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കിടക്കുന്ന മറ്റു പ്രദേശങ്ങളിലെ താമസക്കാരെ രക്ഷിക്കാൻ എട്ടു തിരച്ചിൽ ബോട്ടുകൾ വിന്യസിച്ചതായി ‘സിൻ ച്യൂ ഡെയ്‌ലി’ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ ഒന്നിന് ഞായറാഴ്ച 20 മണിക്കൂറിലധികം നീണ്ടുനിന്ന മഴ ഇപ്ഹോയിലെ അരീന കെപയാങ് പുത്ര പ്രദേശത്ത് കനത്ത വെള്ളപ്പൊക്കത്തിന് കാരണമായി. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 80,000ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ കെലന്തന്‍ സംസ്ഥാനത്തും അയല്‍രാജ്യമായ തെരെങ്കാനുവിലും ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലായി 467 താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് 80,589 താമസക്കാരെയാണ് മാറ്റിപ്പാര്‍പ്പിച്ചതെന്ന് ദേശീയ ദുരന്ത കമാന്‍ഡ് സെന്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.