മാഡ്രിഡ്: ലിംഗ സമത്വത്തിന്റെ ഭാഗമായി വീട്ടുജോലികൾ പങ്കാളികൾ തുല്യമായി പങ്കിട്ടെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സ്പെയിൻ പുതിയ ആപ്പ് പരീക്ഷിക്കുന്നു. വനിതകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള യു.എന്നിന്റെ സമിതിയിൽ വെച്ച് ലിംഗസമത്വത്തിന് വേണ്ടിയുള്ള മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആൻജല റോഡ്രിഗസാണ് പ്രഖ്യാപനം നടത്തിയത്.
സർവേകൾ പറയുന്നത് പുരുഷൻമാരേക്കൾ കൂടുതൽ വീട്ടുജോലികൾ സ്ത്രീകൾ ചെയ്യേണ്ടി വരുന്നുവെന്നാണ്. ഈ ആപ്പിൽ വീട്ടിലെ ഓരോരുത്തരും വീട്ടു ജോലികൾക്കായി ചെലവഴിക്കുന്ന സമയം വരെ എളുപ്പത്തിൽ രേഖപ്പെടുത്താൻ സാധിക്കും -റോഡ്രിഗസ് പറഞ്ഞു.
സ്പെയിനിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവേ പ്രകാരം, ഭൂരിഭാഗം വീട്ടുജോലികളും തങ്ങളാണ് നിർവ്വഹിക്കുന്നതെന്നാണ് 45.9 ശതമാനം സ്ത്രീകളും പറയുന്നത്. 14.9 ശതമാനം പുരുഷൻമാർ മാത്രമാണ് വീട്ടുജോലികൾ ഭൂരിഭാഗവും തങ്ങൾ നിർവ്വഹിക്കുന്നുവെന്ന് വ്യക്തമാക്കിയത്.
പാത്രം കഴുകലാണ് പ്രധാന വീട്ടുജോലിയായി ആളുകൾ കാണുന്നത്. എന്നാൽ, കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും ഭക്ഷണത്തിന് എന്തുവേണമെന്ന് തീരുമാനിക്കുന്നതും അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നതും പാചകം ചെയ്യുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും വീട്ടുജോലികളിൽ ഉൾപ്പെടും.
ഈ എല്ലാ ടാസ്കുകളും മാനസിക സമ്മർദ്ദവുമെല്ലാം ഭൂരിഭാഗവും സ്ത്രീകളിലാണ് വന്നുപെടുന്നതെന്ന് സർവേ പറയുന്നു. ഈ ഭാരം പങ്കുവെക്കാൻ സഹായിക്കുന്നതാവും പുതിയ ആപ്പ്. ഈ വേനലിൽ ആപ്പ് പുറത്തിറങ്ങുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.