ബാഴ്സലോണ: ഇസ്രായേലിലേക്കുള്ള ആയുധക്കടത്തിനെ പിന്തുണക്കാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെയിൻ പ്രവേശനാനുമതി നിഷേധിച്ചത് ചെന്നൈയിൽനിന്ന് പുറപ്പെട്ട കപ്പലിന്. 27 ടൺ സ്ഫോടക വസ്തുക്കളുമായി ഡാനിഷ് പതാകയുള്ള മരിയൻ ഡാനിക്ക എന്ന കപ്പൽ ഏപ്രിൽ എട്ടിനാണ് ചെന്നൈയിൽനിന്ന് പുറപ്പെട്ടത്.
ഹൂതി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഫ്രിക്ക ചുറ്റി ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് എത്താനായിരുന്നു നീക്കം. 13ന് വെസ്റ്റ് ആഫ്രിക്കൻ തുറമുഖത്തെത്തി. നിലവിൽ മൊറോക്കൻ തീരത്തുള്ള കപ്പൽ മേയ് 21ന് ഇടത്താവളമായി സ്പെയിനിലെ കാർട്ടജെന തുറമുഖത്ത് നങ്കൂരമിടാനാണ് അനുമതി തേടിയത്. എന്നാൽ, പശ്ചിമേഷ്യക്ക് ഇപ്പോൾ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യമെന്ന ശക്തമായ നിലപാടെടുത്ത സ്പെയിൻ അനുമതി നിഷേധിച്ചു.
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്നാൽ ഇനിയും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബ്രാസ് വ്യക്തമാക്കി. ഗസ്സ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. മറ്റു യൂറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേർക്കാനും സ്പെയിൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.