കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ രാജ്യത്തെ വരുമാനം വർധിപ്പിക്കാനായി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് ഭേദഗതി ശിപാർശകൾ മുന്നോട്ടു വെച്ചത്.
മൂല്യവർധിത നികുതി, ടെലികമ്യൂണിക്കേഷൻ ലെവികൾ എന്നിവയുമായി ബന്ധപ്പെട്ട നിയമഭേദഗതികൾക്കാണ് അംഗീകാരം. 2019ലാണ് സർക്കാർ മൂല്യവർധിത നികുതിയും സ്വകാര്യ വരുമാന നികുതിയും കോർപറേറ്റ് നികുതിയും കുറക്കാൻ തീരുമാനിച്ചത്. ഇത് സർക്കാറിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു.
അതിനിടെ, രാജ്യത്തെ ഇന്ധന, പാചകവാതക വിലയിൽ മാറ്റം വരുമെന്ന് കേന്ദ്ര ബാങ്ക് ഗവർണർ പി. നന്ദലാൽ വീരസിംഘെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ഒരു മാസത്തേക്ക് രാജ്യത്തിന് ആവശ്യമായ ഇന്ധന സ്‌റ്റോക്ക് ശേഖരിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വിദേശവിനിമയത്തിൽ ലഭിച്ച പണം ഉപയോഗിച്ച് ഇവ ഇറക്കുമതി ചെയ്യുകയായിരുന്നു. 1948ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
രാജ്യത്ത് ഇന്ധന, പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഇവയുടെ വില കുതിച്ചുയരുകയും കരിഞ്ചന്തയിൽ പോലും ലഭ്യമാവാതെ പോവുകയും ചെയ്‌തു. ലോകബാങ്കിൽനിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലങ്കൻ നിവാസികൾ രാജ്യത്തേക്ക് അയച്ച പണത്തിൽനിന്നും 130 ദശലക്ഷം ഡോളർ കണ്ടെത്തുകയായിരുന്നു. ശ്രീലങ്ക ഇപ്പോൾ രാഷ്ട്രീയപരമായും സാമ്പത്തികപരമായും കൂടുതൽ മെച്ചപ്പെട്ടതായും ഗവർണർ പറഞ്ഞു. നേരത്തെ രണ്ടാഴ്ചക്കുള്ളിൽ രാഷ്ട്രീയപ്രതിസന്ധി അവസാനിച്ചില്ലെങ്കിൽ പദവിയിൽനിന്നും രാജിവെച്ചൊഴിയുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ 29.9 ശതമാനമായിരുന്നു രാജ്യത്തെ നാണ്യപ്പെരുപ്പം. അടുത്ത രണ്ടു മാസത്തിനുള്ളിൽ ഇത് 40 ശതമാനത്തിൽ എത്തിയേക്കാമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.