കൊളംബോ: ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്തിൽ നങ്കൂരമിടാൻ പുറപ്പെട്ട ചൈനീസ് കപ്പലിന്റെ വരവ് മാറ്റിവെക്കണമെന്ന് ശ്രീലങ്കൻ അധികൃതർ. തുടർന്ന് ശ്രീലങ്കൻ അധികൃതരുമായി അടിയന്തര കൂടിക്കാഴ്ചക്ക് അനുമതി തേടിയിരിക്കുകയാണ് ചൈനീസ് എംബസി.
യുവാൻ വാങ് 5 എന്ന അത്യാധുനിക ഉപഗ്രഹ ഗതിനിർണയ കപ്പൽ ആഗസ്റ്റ് 11 മുതൽ 17 വരെയാണ് ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ പദ്ധതിയിട്ടിരുന്നത്. ഇന്ധനവും അവശ്യവസ്തുക്കളും നിറക്കാനായി തുറമുഖത്ത് എത്തുന്ന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉത്തര പശ്ചിമ ഭാഗത്ത് ചാര നിരീക്ഷണം നടത്തുമെന്ന് സംശയിക്കപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഇന്ത്യ ലങ്കൻ അധികൃതരെ ആശങ്കയറിയിക്കുകയും ചെയ്തു.
വിഷയത്തിൽ ഇനിയും കൂടിയാലോചന നടത്തുന്നത് വരെ കപ്പലിന്റെ വരവ് മാറ്റിവെക്കണമെന്ന് നിർദേശിച്ച് ആഗസ്റ്റ് അഞ്ചിനാണ് ശ്രീലങ്കൻ വിദേശമന്ത്രാലയം ചൈനീസ് എംബസിക്ക് കുറിപ്പ് കൈമാറിയത്. പ്രസ്തുത കുറിപ്പ് ലഭിച്ചതോടെയാണ് ഉന്നത ലങ്കൻ അധികൃതരുമായി അടിയന്തര കൂടിക്കാഴ്ചക്ക് ചൈനീസ് എംബസി അനുമതി തേടിയത്. തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങുമായി രഹസ്യചർച്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നു. എന്നാൽ പ്രസിഡന്റിന്റെ ഓഫിസ് അത്തരം വാർത്തകൾ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.