തമിഴ്നാട്ടുകാരിയായ ലെസ്ബിയൻ യുവതിയും ലങ്കൻ പങ്കാളിയും ശ്രീലങ്കയിൽ അറസ്റ്റിൽ

കൊളമ്പോ: ശ്രീലങ്കയിലെ കിഴക്കൻ നഗരമായ അക്കരപ്പട്ടുവിൽ ഇന്ത്യ- ലങ്കൻ ലെസ്ബിയൻ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നുള്ള 24 കാരിയേയും ശ്രീലങ്കയിലെ അക്കരപ്പട്ടു സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ 33 കാരിയേയുമാണ് സ്വവർഗാനുരാഗം ആരോപിച്ച് പിടികൂടിയത്.

രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് തമിഴ്നാട് സ്വദേശിനി ശ്രീലങ്കക്കാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് കാരണങ്ങളാലും പാസ്‌പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞില്ല.

എന്നാൽ, ഇന്ത്യൻ യുവതി ടൂറിസ്റ്റ് വിസയിൽ ശ്രീലങ്കയിൽ എത്തി. തുടർന്ന് കൊളംബോയിൽ നിന്ന് 220 കിലോമീറ്റർ അകലെ അക്കരപ്പട്ടുവിലുള്ള ലങ്കൻ യുവതിയുടെ വീട്ടിൽ താമസിച്ചു. ഇരുവരുടെയും ബന്ധത്തെ എതിർത്ത ലങ്കൻ യുവതിയുടെ പിതാവ് അക്കരപ്പട്ടുവിലെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സുഹൃത്തിനൊപ്പം ഇന്ത്യയിലേക്ക് പോകണമെന്ന് ലങ്കൻ യുവതി ആവശ്യപ്പെട്ടു. രാജ്യം വിടാൻ അനുവദിച്ചില്ലെങ്കിൽ ഇരുവരും ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി.

പിന്നീട് പൊലീസ് ഇവരെ അക്കരെപട്ടു മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. രണ്ട് പേരേയും മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോപ്പിധിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ജയിൽ ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ കൽമുനയിലെ ആശുപത്രിക്ക് സമീപം പ്രവേശിപ്പിച്ച ഇവരെ പരിശോധനാ റിപ്പോർട്ടുകൾ സഹിതം കോടതിയിൽ ഹാജരാക്കും.

ബ്രിട്ടീഷ് കൊളോണിയൽ കാലം മുതലേ ശ്രീലങ്കയിൽ സ്വവർഗരതി നിയമവിരുദ്ധമാണ്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

Tags:    
News Summary - Sri Lanka: Indo-Lankan lesbian lovers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.