കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ വരുമാനം വർധിപ്പിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാനും ലക്ഷ്യമിട്ട് ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ച് പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഐ.എം.എഫ് രക്ഷാ പാക്കേജ് സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നും വിക്രമസിംഗെ ചൊവ്വാഴ്ച പറഞ്ഞു.
ഇടക്കാല ബജറ്റ് രാജ്യത്ത് ഇതുവരെ നിലനിന്നിരുന്ന സാമ്പത്തിക രൂപരേഖയിൽ മാറ്റം വരുത്തുന്നതിന് അടിത്തറയിടുമെന്ന് ധനമന്ത്രികൂടിയായ പ്രസിഡന്റ് പാർലമെന്റിൽ പറഞ്ഞു.
അന്താരാഷ്ട്ര നാണയ നിധിയുമായി (ഐ.എം.എഫ്) ചർച്ച വിജയിക്കുകയും അവസാനഘട്ടത്തിലെത്തുകയും ചെയ്തു. പുരോഗതി പാർലമെന്റിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കുള്ള മറുമരുന്നായേക്കാവുന്ന രക്ഷാ പാക്കേജ് ചർച്ചചെയ്യാൻ ഐ.എം.എഫ് സംഘം നിലവിൽ ശ്രീലങ്കയിലുണ്ട്.
രാജ്യത്തിന് ധനസഹായം നൽകുന്ന പ്രധാന രാജ്യങ്ങളുമായി കടം പുനഃസംഘടിപ്പിക്കൽ ചർച്ച നടത്തും. മുൻനിര അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭ ഭക്ഷ്യസുരക്ഷക്കായി പദ്ധതി ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വിക്രമസിംഗെയും ഐ.എം.എഫ് സംഘവും കഴിഞ്ഞയാഴ്ച ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി അവലോകനം ചെയ്തു. അവർ രക്ഷാപാക്കേജിന് അന്തിമരൂപം നൽകാനും ഉദ്യോഗസ്ഥതല ഉടമ്പടി ഉറപ്പിക്കാനും നിർണായക ചർച്ചകൾ നടത്തി. എത് പദ്ധതിക്കും അംഗീകാരം നൽകുന്നതിൽ പ്രധാന ഘടകമായി ഐ.എം.എഫ് നിശ്ചയിച്ചിരിക്കുന്നത് കടം പുനഃക്രമീകരിക്കലാണ്.
അതിനിടെ, സാമ്പത്തിക പ്രതിസന്ധി നേരിടാനും മറ്റ് രാജ്യങ്ങൾ ഉപകരണമായി ഉപയോഗിക്കാതിരിക്കാനും ഐക്യ സർക്കാറിൽ ചേരാൻ എല്ലാ കക്ഷികളോടും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഭ്യർഥിച്ചു. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് ചൈനീസ് കപ്പൽ 'യുവാൻ വാങ് 5' നങ്കൂരമിടുന്നത് സംബന്ധിച്ച് ഇന്ത്യ- ചൈന തർക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ജൂലൈയിൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ഗോടബായ രാജപക്സക്ക് പിന്നാലെ പ്രസിഡന്റായതുമുതൽ നടത്തിയ ഐക്യ സർക്കാർ കൊണ്ടുവരാനുള്ള വിക്രമസിംഗെയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഭരണവീഴ്ചക്ക് മുൻ സർക്കാറിനെതിരായ വ്യാപക ജനകീയ പ്രതിഷേധങ്ങൾക്കിടെ ഏപ്രിലിലാണ് ആദ്യം സർവകക്ഷി സർക്കാറിനുള്ള നിർദേശം ഉയർന്നത്. സർവകക്ഷി സർക്കാർ രൂപവത്കരിക്കാനുള്ള രാജപക്സയുടെ ആഹ്വാനം പ്രതിപക്ഷ പാർട്ടികൾ അവഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.