കൊളംബോ: ജൂലൈ 20ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്ടിങ് പ്രസിഡന്‍റ് വിക്രമസിംഗെയാണ് ഉത്തരവിട്ടത്.
പൊതു സുരക്ഷ, ക്രമസമാധാന പാലനം, അവശ്യ സാധനങ്ങളുടെ വിതരണവും സേവനവും ഉറപ്പാക്കൽ എന്നിവ മുൻനിർത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് കഴിഞ്ഞദിവസം ഗോടബയ രാജപക്സ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. നിലവിൽ അദ്ദേഹം സിംഗപ്പൂരിലാണ്.
തിങ്കളാഴ്ച രാവിലെ മുതൽ അടിയന്തരാവസ്ഥ നിലവിൽവരുമെന്ന് ഞായറാഴ്ച അർധരാത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ചൊവ്വാഴ്ച മുതൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സ്വീകരിക്കും. സ്ഥാനാർഥികളായി വിക്രമസിംഗെ ഉൾപ്പെടെ നാലു പേരുണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. നവംബർ 2024 വരെയാണ് പുതിയ പ്രസിഡന്‍റിന്‍റെ കാലാവധി.
അതേസമയം, പ്രസിഡന്റ് സ്ഥാനം നിർത്തലാക്കി സമ്പൂർണ വ്യവസ്ഥിതി മാറ്റത്തിനായി പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ വ്യക്തമാക്കി. ജനകീയ പ്രക്ഷോഭം ഞായറാഴ്ച നൂറു ദിവസം പിന്നിട്ടു. ഏപ്രിൽ ഒമ്പതിനാണ് പ്രസിഡൻഷ്യൽ ഓഫിസിന് സമീപം സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. വ്യവസ്ഥിതിയുടെ സമ്പൂർണ മാറ്റത്തിന് പോരാട്ടം തുടരുമെന്ന് പ്രക്ഷോഭത്തിന്റെ മുൻനിരക്കാരനായ ഫാദർ ജീവന്ത പെരിസ് പറഞ്ഞു. വിക്രമസിംഗെയാണ് പ്രതിഷേധക്കാരുടെ അടുത്ത ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ക്ഷാമമാണ് ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചത്. വിദേശനാണയ ക്ഷാമം കൂടുതൽ ബാധിച്ചത് ഇന്ധന, ഊർജ മേഖലകളെയാണ്. എല്ലാ വാഹന ഉടമകൾക്കും പ്രതിവാര ഇന്ധന ക്വോട്ട ഉറപ്പുനൽകുന്ന ദേശീയ ഇന്ധന പാസുകൾ ശ്രീലങ്കൻ സർക്കാർ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. ഇന്ധന ഉപഭോഗം 30 ശതമാനമാണ് വർധിച്ചത്. സർക്കാർ ഇന്ധന വിതരണം ജൂൺ 27 മുതൽ അവശ്യ സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.