കൊളംബോ: പൊതുമുതൽ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും കണ്ടാലുടൻ വെടിവെക്കാൻ അധികാരം നൽകിയെന്ന വാർത്ത നിഷേധിച്ച് ശ്രീലങ്കൻ സേന.
സായുധ സേനയിലെ അംഗങ്ങൾ ഒരു സാഹചര്യത്തിലും അത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ശ്രീലങ്കൻ ആർമി കമാൻഡർ ജനറൽ ശവേന്ദ്ര സിൽവ പറഞ്ഞു. ജനറൽ സിൽവ തന്‍റെ പദവിക്ക് പ്രസിഡന്‍റ് ഗോടബയ രാജപക്സയോട് കടപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹം സൈന്യത്തെ ജനങ്ങൾക്ക് നേരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം പൊതുമുതൽ നശിപ്പിക്കുന്നവർക്കുനേരെ വെടിയുതിർക്കാൻ സേനക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിട്ടും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.
ശ്രീലങ്കയിലെ നിരവധി എം.പിമാരെയും എം.എൽ.എമാരെയും പ്രതിഷേധക്കാർ ആക്രമിക്കുകയും അവരുടെ വീടുകൾക്ക് തീ വെക്കുകയും ചെയ്തിരുന്നു. ഇത്തരം അക്രമികളെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിനിടെ പ്രതിഷേധക്കാരെ പേടിച്ച് കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.