കൊളംബോ: സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ ഭരണമുന്നണിയിലുണ്ടായിരുന്ന 42 സ്വതന്ത്ര എം.പിമാരെ ക്ഷണിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മുതിർന്ന സഹോദരൻ മഹീന്ദ രാജപക്സയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി പുതിയ മന്ത്രിസഭ രൂപവത്കരിക്കണമെന്ന് എം.പിമാർ ഗോടബയയോട് ആവശ്യപ്പെടും.
ബ്രിട്ടനിൽ നിന്ന് 1948ൽ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. മഹീന്ദ സർക്കാറിലെ മന്ത്രിമാർ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ പര്യാപ്തമായ നിർദേശങ്ങളുടെ പട്ടികയും എം.പിമാർ പ്രസിഡന്റിന് കൈമാറുമെന്ന് കൊളംബോ പേജ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
രാജിവെച്ച 42 എം.പിമാർക്കു വേണ്ടി ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും മുൻ പ്രസിഡന്റുമായ മൈത്രിപാല സിരിസേന, എം.പിമാരായ വസുദേവ നനയക്കാര, അനുര പ്രിയദർശന യപ, പ്രസിഡന്റിന്റെ കോൺസൽ വിജയദാസ രാജപക്സ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്. ശനിയാഴ്ച മുതൽ പ്രതിഷേധം രാജപക്സയുടെ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന ഗാലേ ഫേസിലേക്കും നീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.